ലക്നൗ : ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ 16 മാസത്തെ ഭരണത്തിനിടയില്‍ നടന്നത് 3000ത്തിലേറെ ഏറ്റുമുട്ടലുകള്‍, 78 കൊലപാതകങ്ങള്‍. സര്‍ക്കാരിന്റെ നേട്ടപ്പട്ടിക എന്ന് അവകാശപ്പെട്ട് യോഗി ആദിത്യനാഥും സംഘവും റിപ്പബ്ലിക് ഡേയില്‍ ഈ കണക്കുകള്‍ അവതരിപ്പിക്കും. യുപി പോലീസ് നടത്തിയ 3,000 ഏറ്റുമുട്ടലുകളും 78 കൊലപാതകങ്ങളും ഭരണനേട്ടമായാണ് അവതരിപ്പിക്കപ്പെടുക. ചീഫ് സെക്രട്ടറി അനൂപ് ചന്ദ്ര പാണ്ഡേ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും നേട്ടങ്ങളായി പറഞ്ഞിരിക്കുന്നത്. 2017 മാര്‍ച്ച് 19ന് യോഗി അധികാരത്തിലേറിയതു മുതല്‍ 2018 ജൂലൈ വരെയുള്ള കണക്കാണിത്.
ഈ കാലയളവിനുള്ളില്‍ 7043 പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്തുവെന്ന് അനൂപ് ചന്ദ്ര പാണ്ഡേ ജില്ലാ കളക്ടര്‍മാര്‍ക്കയച്ച കത്തില്‍ പറയുന്നു. അക്രമങ്ങളില്‍ 838 കുറ്റവാളികള്‍ക്ക് പരിക്കേറ്റുവെന്നും അറസ്റ്റ് ചെയ്തവരില്‍ 11981 പേരുടെ ജാമ്യം റദ്ദാക്കപ്പെട്ടുവെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ഈ കണക്കുകളുടെ പശ്ചാത്തലത്തില്‍ ഒരു ദിവസം ഏകദേശം ആറ് എന്‍കൗണ്ടറുകളെങ്കിലും നടന്നിട്ടുണ്ട്. ഒരു ദിവസം 14 കുറ്റവാളികളെ വരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യത്തെ ഒന്‍പത് മാസത്തില്‍ ആകെ 17 ക്രിമിനലുകളെയാണ് എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തിരിക്കുന്നത്. അതായത് മാസത്തില്‍ ഒന്നിലേറെ കൊലപാതകം പോലീസ് നടത്തി. കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിന റിപ്പോര്‍ട്ടില്‍ 17 ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും 109 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും യോഗി സര്‍ക്കാര്‍ പറഞ്ഞിരുന്നു.
Discussion about this post