പഞ്ചാബ്: അമൃത്സറില് ദസറ ആഘോഷത്തിനിടെയുണ്ടായ ട്രെയിന്‍ അപകടത്തില്‍ മാതാപിതാക്കളെ നഷ്ടമായ എല്ലാ കുട്ടികളെയും ദത്തെടുക്കുമെന്ന് തദ്ദേശ ഭരണ വകുപ്പ് മന്ത്രി നവജ്യോത് സിങ് സിദ്ദു. അമൃത്സറിലെ ജോദ ഫടകിലുണ്ടായ അപകടത്തില്‍ 60 പേരാണ് മരിച്ചത്.
മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ താനും ഭാര്യയും ചേര്‍ന്ന് ദത്തെടുക്കുമെന്നാണ് നവജ്യോത് സിങ് സിദ്ദു അറിയിച്ചത്. അവരുടെ വിദ്യഭ്യാസവും മറ്റ് ചെലവുകളും വഹിക്കും. ഭര്‍ത്താവിനെ നഷ്ടമായ സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പുവരുത്തുമെന്നും സിദ്ദു വ്യക്തമാക്കി. ദുരന്തത്തിനിരയായ 21 കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കി. മറ്റുള്ളവര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ തുക കൈമാറുമെന്ന് പഞ്ചാബ് ആരോഗ്യ മന്ത്രി പറഞ്ഞു.
സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ മുഖ്യാതിഥിയായിരുന്ന ദസറ ആഘോഷത്തിനിടെയാണ് ദുരന്തമുണ്ടായത്. രാവണന്റെ കോലം കത്തിക്കുന്നത് കാണാന്‍ റെയില്‍വെ പാളത്തില്‍ കൂടിനിന്നവരുടെ ഇടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു. പടക്കത്തിന്റെ ശബ്ദം കാരണം ട്രെയിന്‍ വരുന്നത് അറിയാന്‍ കഴിയാതെ പോയതാണ് അപകടത്തിന് ഇടയാക്കിയത്.
Discussion about this post