പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശനം കേവലം പത്തു ദിവസം കൊണ്ട് എടുത്ത തീരുമാനമല്ല; വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആസൂത്രണം ചെയ്തതെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്റെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് പ്രിയങ്കയെ കൊണ്ടു വരാനുള്ള തീരുമാനം കേവലം 10 ദിവസം കൊണ്ട് എടുത്തതല്ല.

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം വളരെ പെട്ടെന്ന് ഉണ്ടായതീരുമാനമല്ലെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം കേവലം 10 ദിവസം കൊണ്ട് എടുത്ത തീരുമാനമല്ലെന്നു രാഹുല്‍ ഒഡീഷയില്‍ പറഞ്ഞു.

‘കോണ്‍ഗ്രസിന്റെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് പ്രിയങ്കയെ കൊണ്ടു വരാനുള്ള തീരുമാനം കേവലം 10 ദിവസം കൊണ്ട് എടുത്തതല്ല. മുമ്പ് പ്രിയങ്കയുമായി ഇതിനെ കുറിച്ച് സംസാരിച്ചപ്പോള്‍ അവര്‍ക്ക് കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്ന് പറഞ്ഞിരുന്നതായും രാഹുല്‍ വ്യക്തമാക്കി. വളരെ പ്രശസ്തമായ കുടുംബത്തില്‍ നിന്നും വന്നതിനാല്‍ ഞങ്ങള്‍ക്ക് കാര്യങ്ങളെല്ലാം എളുപ്പമായിരിക്കുമെന്നാണ് പൊതുധാരണ. പക്ഷേ അത് അങ്ങനെയല്ല. മുത്തശ്ശിയും അച്ഛനും കൊല്ലപ്പെട്ടു. അത് കേവലം രാഷ്ട്രീയ നഷ്ടം മാത്രമല്ല’.- രാഹുല്‍ പറയുന്നു.

വ്യക്തിപരമായി ഇത് ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ നിന്നാണ് ഞങ്ങള്‍ ഇരുവരും ഉയര്‍ന്ന് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് ഈസ്റ്റിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രിയങ്കയെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.

Exit mobile version