പട്‌ന: സജീവ രാഷ്ടീയത്തിലേയ്ക്ക് ഇറങ്ങിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശവുമായി ബിജെപി മന്ത്രി രംഗത്ത്. ബിഹാറിലെ ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായ വിനോദ് നാരായണ്‍ ഝായാണ് വിവാദ പരാമര്‍ശം നടത്തിയത്. സൗന്ദര്യം വെച്ച് വോട്ടുകിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരമാര്‍ശം.
‘സുന്ദരമായ മുഖമുള്ളതുകൊണ്ട് വോട്ടുകിട്ടില്ല. അഴിമതിക്കേസിലും ഭൂമിയിടപാട് കേസുകളിലും പ്രതിയായ റോബര്‍ട്ട് വദ്രയുടെ ഭാര്യയാണല്ലോ അവര്‍. നല്ല സൗന്ദര്യമുണ്ടെന്നല്ലാതെ അവര്‍ക്ക് എന്ത് രാഷ്ട്രീയനേട്ടമാണുള്ളത്?” വിനോദ് നാരായണ്‍ ഝാ അഭിമുഖത്തില്‍ ചോദിക്കുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മാപ്പ് പറയണമെന്ന ആവശ്യവും ഉരുന്നുണ്ട്.
കഴിഞ്ഞ 23-ാം തീയതിയാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് നിയമിച്ചത്. കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനമനുസരിച്ച് 40 ലോക്‌സഭാ മണ്ഡലങ്ങളാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ് പൂര്‍, സ്വന്തം മണ്ഡലങ്ങളായ അമേഠി, റായ്ബറേലി എന്നീ മണ്ഡലങ്ങളും പ്രിയങ്കാ ഗാന്ധിയുടെ ചുമതലയിലാണ്.