യോഗിയുടെ മൃഗീയ ഭൂരിപക്ഷം പഴങ്കഥ; യുപിയില്‍ ബിജെപിയെ കാത്തിരിക്കുന്നത് വന്‍ പരാജയം; ബിജെപിക്ക് 25 സീറ്റ് പോലും കിട്ടില്ലെന്ന് എബിപി ന്യൂസ് സര്‍വേ

ന്യൂഡല്‍ഹി: വീണ്ടും ബിജെപിയെ വെട്ടിലാക്കി മറ്റൊരു സര്‍വേ ഫലം കൂടി പുറത്ത്. ദേശീയ ചാനലായ എബിപി ന്യൂസ് പുറത്തുവിട്ട സര്‍വേ ഫലത്തില്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യ നാഥിന്റെ യുപിയില്‍ ബിജെപിയെ കാത്തിരിക്കുന്നത് വന്‍പരാജയം. യോഗി വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച സംസ്ഥാനത്ത് ബിജെപിക്ക് വന്‍ തകര്‍ച്ചയായിരിക്കുമെന്നാണ് സി-വോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്.

കൂടാതെ, മമതാ ബാനര്‍ജി നയിക്കുന്ന മഹാഘട്ബന്ധനില്‍ ഉള്‍പെട്ട സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ലോക്ദള്‍ എന്നിവരുടെ സഖ്യം 51 സീറ്റുകള്‍ യുപിയില്‍ നേടുമെന്നും ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് 25 സീറ്റുകള്‍ മാത്രമായിരിക്കും ലഭിക്കുകയെന്നാണ് സര്‍വേ ഫലം പറയുന്നു.

2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച 73 സീറ്റ് എന്ന റെക്കോര്‍ഡ് സംഖ്യ 25ആയി കുറയും. മഹാസഖ്യത്തിന് 43 ശതമാനവും എന്‍ഡിഎക്ക് 42 ശതമാനവുമായിരിക്കും വോട്ടുകള്‍ ലഭിക്കുകയെന്നും സര്‍വേ പറയുന്നു. അതേ സമയം കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കും മുമ്പേ പുറത്തുവിട്ട സര്‍വേയാണ് ഇതെന്ന് എബിപി അറിയിച്ചിട്ടുണ്ട്. പ്രിയങ്കയുടെ വരവോടെ ഫലത്തില്‍ വലിയ മാറ്റം വന്നേക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസ് യുപിയില്‍ ഒറ്റക്ക് മത്സരിക്കുന്നത് മഹാഘട്ബന്ധനിനേക്കാള്‍ ബാധിക്കുക ബിജെപിയെയാണെന്നും സി വോട്ടര്‍ സര്‍വേയില്‍ പറയുന്നു. യുപിയില്‍ ബിജെപി 18 സീറ്റിലേക്ക് ചുരുങ്ങിയേക്കുമെന്ന ഇന്ത്യാ ടുഡെയുടെ സര്‍വേ കഴിഞ്ഞ്, ദിവസങ്ങള്‍ക്കകമാണ് ബിജെപിക്ക് വന്‍ തിരിച്ചടിയായി എബിപി ന്യൂസിന്റെ സി വോട്ടര്‍ സര്‍വേ വരുന്നത്. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം വരും നാളില്‍ ബിജെപിയുടെ ഉറക്കം കളയുമെന്ന് തന്നെയാണ് സൂചന.

Exit mobile version