ഷില്ലോങ്: മേഘാലയിലെ ജയന്തിയ ഹില്‍സിലുള്ള അനധികൃത ഖനി ദുരന്തത്തിലെ ആദ്യ മൃതദേഹം 40 ദിവസത്തിന് ശേഷം പുറത്തെടുത്തു. അതേസമയം മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പ്രധാന തുരങ്കത്തില്‍ നിന്നും 355 അടി താഴ്ചയില്‍ നിന്നാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പുറത്തെടുത്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
ദേശീയ ദുരന്ത നിവാരണ സേനയും നേവിയും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഖനിയില്‍ 15 തൊഴിലാളികളാണ് കുടുങ്ങിയത്. ഈ തൊഴിലാളികളെല്ലാം അപകടവിവരം പുറത്തു വന്ന സമയത്തു തന്നെ മരിച്ചിരിക്കാമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡിസംബര്‍ 13നാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ ഖനിക്കുള്ളില്‍ കുടുങ്ങിയത്.
നേരത്തെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും അഴുകിയ നിലയിലായതിനാല്‍ റിമോര്‍ട്ട് വെഹിക്കള്‍ ഉപയോഗിച്ച് പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. എലിമാളം പോലെയുള്ള കുഴികളിലാണ് തൊഴിലാളികള്‍ കുടുങ്ങിപ്പോയത്.
ഡിസംബര്‍ 13നാണ് അപകടമുണ്ടായത്. ഖനി തകര്‍ന്ന് വീണതോടെ സമീപത്തെ നദിയില്‍ നിന്ന് വെള്ളം ഖനിയിലേക്ക് കുത്തി ഒഴുകുകയായിരുന്നു. കൂടാതെ നദിയില്‍ വെള്ളപ്പൊക്കവുമുണ്ടായി. എന്നാല്‍ ഖനിയിലേക്ക് വെള്ളം വരുന്ന വഴി കണ്ടെത്താന്‍ സാധിക്കാത്തത് ദുരന്തത്തിന്റെ ആക്കം കൂട്ടുകയും ചെയ്തു. അനധികൃത ഖനനമായിരുന്നു ഇവിടെ നടന്നു കൊണ്ടിരുന്നത്. തൊഴിലാളികളെ കാണാതായി 16 ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് വ്യാപക തിരച്ചില്‍ ആരംഭിച്ചത്. ഖനി ഉടമയ്ക്കെതിരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പാണ് നാവികസേന ഉദ്യോഗസ്ഥര്‍ ഖനിയില്‍ മൃതദേഹം കണ്ടെത്തിയത്. റിമോര്‍ട്ട് വെഹിക്കിള്‍ ഉപയോഗിച്ച് മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും ഏറെ ആയാസപ്പെട്ടാണ് പുറത്തെത്തിച്ചത്.
മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ക്കിടെ തലയോട്ടിയിലും കൈകാലുകളിലും ക്ഷതം സംഭവിച്ചിരുന്നതായി നാവികസേന അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. മൃതദേഹം ഖനിയുടെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ ഖനിയിലെ പൈപ്പുകളും കേബിളുകളും തടസം സൃഷ്ടിച്ചെന്നും ഇതുകാരണമാണ് മൃതദേഹം വഴുതിപോയതെന്നും നാവികസേന വക്താവ് വിശദീകരിക്കുകയും ചെയ്തു.
Discussion about this post