ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ പദ്ധതി വന്‍ വിജയമെന്ന് ആവര്‍ത്തിച്ച് വനിത ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. ബാലിക ദിനത്തില്‍ പദ്ധതി വാര്‍ഷികാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ 56 ശതമാനം ഫണ്ടും പരസ്യങ്ങള്‍ക്കായി ചിലവഴിച്ചെന്ന ആരോപണം ശക്തമായിരിക്കെയാണ് മന്ത്രിയുടെ പരാമര്‍ശം.
2015 ജനുവരിയിലാണ് മോദി സര്‍ക്കാര്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി കൊണ്ടുവന്നത്. പെണ്‍ ശിശു ജനന നിരക്ക് വര്‍ധിപ്പിക്കുക, പെണ്‍കുട്ടികളോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തുക തുടങ്ങിയവയായിരുന്നു ലക്ഷ്യങ്ങള്‍. പദ്ധതിക്കായി ഇതുവരെ അനുവദിച്ചത് 648 കോടി രൂപ. ഇതില്‍ 364.66 കോടി രൂപ ചിലവഴിച്ചത് പരസ്യത്തിനും അനുബന്ധ പ്രചാരണത്തിനും. പദ്ധതി നടത്തിപ്പിന് നല്‍കിയതോ 159.18 കോടി. മന്ത്രാലയ സഹ മന്ത്രി ഡോ വീരേന്ദ്ര കുമാര്‍ തന്നെ ലോക്‌സഭയില്‍ മറുപടിയായി നല്‍കിയതാണ് ഈ കണക്ക്.
രാജ്യത്തെ 640 ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള തീരുമാനമെടുത്തത് സര്‍ക്കാര്‍ കാലാവധി തീരാനിരിക്കെയും. ഇതു സംബന്ധിച്ച വിവാദങ്ങളും ചോദ്യങ്ങളും നിലനില്‍ക്കെയായിരുന്നു പദ്ധതിയുടെ വാര്‍ഷികാഘോഷം, വകുപ്പ് മന്ത്രി മനേക ഗാന്ധി ഉദ്ഘാടനം ചെയ്തത്. പെണ്‍കുട്ടികളുടെ ശാക്തീകരണം നല്ല നാളേക്കായി എന്നായിരുന്നു ഇത്തവണത്തെ മുദ്രാവാക്യം. പദ്ധതി ലക്ഷ്യങ്ങളില്‍ നിന്നും മാറി, പ്രശസ്തിക്കും പ്രചാരണത്തിനുമാക്കി എന്നാണ് പ്രതിപക്ഷ ആരോപണം.
Discussion about this post