റെയില്‍വേയ്ക്ക് അടുത്ത രണ്ട് വര്‍ഷം നിയമനങ്ങളുടെ കാലം! 2.3 ലക്ഷം ഒഴിവുകള്‍ നികത്തുന്നു; മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് സംവരണം!

2.3 ലക്ഷം ഒഴിവുകളിലേക്ക് അടുത്ത രണ്ടുവര്‍ഷം റിക്രൂട്ട്മെന്റുകള്‍ നടത്തും.

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ വിവിധ തസ്തികകളിലെ നിലവിലെ ഒഴിവുകളും വരാനിരിക്കുന്ന ഒഴിവുകളും നികത്തുന്നു. 2.3 ലക്ഷം ഒഴിവുകളിലേക്ക് അടുത്ത രണ്ടുവര്‍ഷം റിക്രൂട്ട്മെന്റുകള്‍ നടത്തും. നിലവിലുള്ള 1,31,428 ഒഴിവുകള്‍ക്ക് പുറമേ 2019-20, 2020-21 വര്‍ഷങ്ങളില്‍ പിരിഞ്ഞുപോകുന്ന 99,000 പേരുടെ ഒഴിവുകളിലേക്കുമാകും അപേക്ഷ ക്ഷണിക്കുക. രണ്ട് ഘട്ടമായാണ് ഇത്രയും ഒഴിവുകള്‍ നികത്തുകയെന്ന് റെയില്‍ വകുപ്പ് മന്ത്രി പിയുഷ് ഗോയല്‍ അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ തൊഴില്‍ദാതാവായ ഇന്ത്യന്‍ റെയില്‍വേയില്‍ 12,23,622 ജീവനക്കാരാണ് നിലവിലുള്ളത്. 2,82,976 ഒഴിവുകള്‍ ബാക്കിയുള്ളപ്പോള്‍ 2018ല്‍ 1,51,548 ഒഴിവുകളിലേക്ക് മാത്രമാണ് അപേക്ഷ ക്ഷണിച്ചത്.

2019-20 വര്‍ഷത്തില്‍ 53,000 ജീവനക്കാരും, 2020-21 വര്‍ഷത്തില്‍ 46,000 ജീവനക്കാരും റെയില്‍വേയില്‍നിന്ന് പിരിഞ്ഞുപോകും. ഇതോടെ ഒഴിവുകളുടെ എണ്ണം 2,30,428 ആയി ഉയരും. അടുത്ത രണ്ടുവര്‍ഷത്തിനകം ഇത്രയും ഒഴിവുകള്‍ നികത്തുമെന്ന് പിയുഷ് ഗോയല്‍ അറിയിച്ചു.

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ലഭ്യമാക്കുന്ന വലിയ റിക്രൂട്ട്മെന്റുകളില്‍ ഒന്നാകും ഇതെന്ന് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version