ധാക്ക: അത്യപൂര്‍വ്വമായ രോഗത്തിനടിമയാണ് ഇരുപത്തെട്ടുകാരനായ അബുള്‍ ബജന്ദര്‍. 25 ശസ്ത്രക്രിയകള്‍ നടത്തിയിട്ടും ആ യുവാവിനെ ആ ജനിതകരോഗത്തിന്റെ പിടിയില്‍നിന്ന് രക്ഷിക്കാനായില്ല. ഇയാളുടെ കൈകാലുകള്‍ ഇപ്പോഴും മരത്തൊലി പോലെ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍, മേയ് മാസത്തില്‍ ശരീരത്തില്‍ വീണ്ടും അസാധാരണ വളര്‍ച്ച പ്രത്യക്ഷപ്പെട്ടു തുടങ്ങി. ‘ട്രീ മാന്‍ സിന്‍ഡ്രോം’ അഥവാ epidermodysplasia verruciformsi എന്നാണ് ഈ അപൂര്‍വ ജനിതകരോഗത്തിന്റെ പേര്.
2016 മുതല്‍ ഇരുപത്തഞ്ച് ശസ്ത്രക്രിയകള്‍ക്ക് ബജന്ദര്‍ വിധേയനായി. നേരത്തെ റിക്ഷാവലിക്കാരനായിരുന്നു ബജന്ദര്‍. എന്നാല്‍ രോഗം പ്രത്യക്ഷപ്പെട്ടതിനു ശേഷം ജോലി ചെയ്യാന്‍ പോലും സാധിക്കാതെയായി. ശരീരത്ത് പ്രത്യക്ഷപ്പെടുന്നത് മരത്തൊലിക്കു സമാനമായ വളര്‍ച്ചയായതിനാല്‍ ‘ട്രീ മാന്‍’ എന്നും ബജന്ദറിനെ വിശേഷിപ്പിക്കാറുണ്ട്. ഇയാളുടെ രോഗം ഭേദമായാല്‍ അത് വൈദ്യശാസ്ത്രത്തിന് തന്നെ നാഴികക്കല്ലാകുമെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയത്.
എന്നാല്‍ മേയ് മാസത്തില്‍ ശരീരത്തില്‍ വീണ്ടും വളര്‍ച്ചകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ ജീവനക്കാരെ അറിയിക്കാതെ ബജന്ദര്‍ ആശുപത്രി വിട്ടു പോയി. പാദത്തിലെയും കയ്യിലെയും പുതിയഭാഗങ്ങളില്‍ വീണ്ടും രോഗം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ആശുപത്രിയില്‍നിന്ന് ഓടിപ്പോന്നത് എന്റെ തെറ്റാണ്. എന്നാല്‍ ഇക്കുറി ഡോക്ടര്‍മാര്‍ക്ക് എന്റെ രോഗം പൂര്‍ണമായി ഭേദമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്- ബജന്ദര്‍ പറയുന്നു. എന്നാല്‍ മുമ്പത്തേക്കാള്‍ ബജന്ദറിന്റെ സ്ഥിതി ഗുരുതരമായിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കൂടുതല്‍ ശസ്ത്രക്രിയകള്‍ വേണ്ടിവരുമെന്ന് ധാക്ക മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി സാമന്ത ലാലിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.
ഭാര്യയും മകളും അടങ്ങുന്നതാണ് ബജന്ദറിന്റെ കുടുംബം. സൗജന്യമായാണ് ഇദ്ദേഹത്തിന് ചികിത്സ ലഭിച്ചിരുന്നത്. ബജന്ദറിന്റെ ദുരിതം അറിഞ്ഞതോടെ ഇദ്ദേഹത്തിന് മികച്ച ചികിത്സ നല്കാന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. 2017ല്‍ ഒരു പെണ്‍കുട്ടിക്കും ബംഗ്ലാദേശില്‍ ട്രീമാന്‍ രോഗം സ്ഥിരീകരിച്ചിരുന്നു.
Discussion about this post