ന്യൂഡല്‍ഹി; വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയിലെ നന്ദേഡിലോ മധ്യപ്രദേശിലെ ചിന്ത്വാഡയിലോ മത്സരിച്ചേക്കുമെന്ന അഭ്യൂഹം. അമേഠിയില്‍ ബിജെപി ശക്തമായതാണ് കാരണമെന്നും സൂചനയുണ്ട്.
മുന്‍ മുഖ്യമന്ത്രിയും മഹാരാഷ്ട്ര ഘടകം കോണ്‍ഗ്രസ് അധ്യക്ഷനുമായ അശോക് ചവാനാണ് നിലവില്‍ നന്ദേഡിലെ പ്രതിനിധി. കനത്ത തിരിച്ചിടിയുണ്ടായ 2014ലും കോണ്‍ഗ്രസിനെ തള്ളിക്കളയാത്ത മണ്ഡലങ്ങളിലൊന്നാണ് നന്ദേഡ്.
യുപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്ഭാ സീറ്റുള്ള സംസ്ഥാനം എന്നതാണ് മഹാരാഷ്ട്രയില്‍ കൂടി മത്സരിക്കാനുള്ള ആലോചനയ്ക്ക് കാരണം. രാഹുല്‍ മഹാരാഷ്ട്രയില്‍ മത്സരിച്ചാല്‍ അതിന്റെ ഗുണം സംസ്ഥാനത്ത് ഉണ്ടാകുമെന്ന നിരീക്ഷണവുമുണ്ട്.
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഒഴിഞ്ഞ മണ്ഡലമായ ചിന്ത്വാഡയും കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ്.
2004 മുതല്‍ രാഹുല്‍ പ്രതിനിധീകരിക്കുന്ന അമേഠി ലോക്സഭയിലെ 5 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ജയിച്ചത് കോണ്‍ഗ്രസ് ഗൗരവത്തോടെയാണ് കാണുന്നത്. മണ്ഡലത്തില്‍ ബിജെപി ശക്തമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്നാല്‍ ഒന്നിലധികം മണ്ഡലത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.
Discussion about this post