ന്യൂഡല്‍ഹി: മഹാപ്രളയം തൂത്തെറിഞ്ഞ കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഒഴുകിയത് കണക്കില്ലാത്ത തുക. ഈ തുകയുടെ വിവരവങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യം പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. ഇപ്പോള്‍ തുക വെളിപ്പെടുത്താനാവില്ലെന്നാണ് ഓഫീസ് പ്രതികരിച്ചത്.
ഓഫീസ് രേഖാമൂലം ആണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതുവരെ കേരളത്തിന് രണ്ട് കോടി മുപ്പത്തിയാറ് ലക്ഷത്തി അന്‍പതിനായിരം രൂപ നല്‍കിയതായി ഓഫിസ് രേഖാമൂലം അറിയിച്ചു. വിദേശ രാജ്യങ്ങളടക്കം കേരളത്തിന്റ പുനര്‍ നിര്‍മ്മാണത്തിന് സഹായ വാഗ്ദാനം അറിയിച്ചപ്പോള്‍ കേന്ദ്രം തടയിട്ടത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
അതിനു പിന്നാലെയാണ് കേരളത്തിനായി ലഭിച്ച തുക പോലും കേന്ദ്രം കൃത്യമായി അറിയിക്കാന്‍ തയ്യാറാകാത്തത്. നേരിട്ട് കേരളത്തിന് സഹായം കൈപറ്റാന്‍ വിലക്ക് കല്പിച്ച കേന്ദ്രം പ്രധാനമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേയ്ക്ക് അവ കൈമാറാനാണ് നിര്‍ദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളും സഹായം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുകയും ചെയ്തു.
എന്നാല്‍ ഈ വിധത്തില്‍ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായ് കൈമാറിയ തുക എത്ര ആണെന്ന് വെളിപ്പെടുത്താനാകില്ലെന്നാണ് പ്രധാന മന്ത്രിയുടെ ഓഫിസിന്റെ ഇപ്പോഴത്തെ നിലപാട്. വിവരാവകാശ പ്രകാരമുളള അപേക്ഷയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം രേഖാമൂലം അറിയിക്കുകയും ചെയ്തു. 2018 ഓഗസ്റ്റിന് ശേഷം കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ലഭിച്ച തുക എത്ര എന്നത് സമ്പന്ധിച്ച കണക്ക് വേര്‍തിരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് നല്കുന്ന വിശദീകരണം.
Discussion about this post