ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന് പോലിസിനു കത്തുനല്‍കി. ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താമെന്നും പല തെരഞ്ഞെടുപ്പുകളിലും അതു ചെയ്തിട്ടുണ്ടെന്നും അമേരിക്കന്‍ ഹാക്കര്‍ സയ്യിദ് ഷൂജ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്ത് വന്നിരിക്കുന്നത്.
ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താമെന്നും പല തെരഞ്ഞെടുപ്പുകളിലും അതു ചെയ്തിട്ടുണ്ടെന്നും, വോട്ടിങ് തിരിമറിക്കായി പല രാഷ്ട്രീയ പാര്‍ട്ടികളും തന്നെ സമീപിച്ചിട്ടുണ്ടെന്നുമായിരുന്നു അമേരിക്കന്‍ ഹാക്കര്‍ എന്നവകാശപ്പെട്ട സയിദ് ഷുജ വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഹാക്കര്ന്മാര്ക്ക് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് തെരഞ്ഞെടുപ്പു കമ്മീഷന് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡല്‍ഹി പോലീസിനാണ് കമ്മീഷന് പരാതി നല്‍കിയത്.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ നിര്‍ണായകമായ പല തെരഞ്ഞെടുപ്പുകളിലും താന്‍ തിരിമറി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 2014ല്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്ന വിഎസ് സമ്പത്തിനും അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്കും ഇക്കാര്യം അറിയാം. അദ്ദേഹത്തിന്റെ മരണം കൊലപാതകമാണ്. ഇക്കാര്യം വെളിപ്പെടുത്താന്‍ ഇരിക്കെയാണ് റോഡപകടത്തില്‍ മുണ്ടെ മരിച്ചത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് മെഷീന് തിരിമറി നടത്തിയെന്നും ഷൂജ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യന്‍ വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യുന്നതിന്റെ തത്സമയ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു.
Discussion about this post