ജയ്പൂര്‍: നിയമസഭയിലെ ചര്‍ച്ചക്കിടെ വീട്ടിലെ പശു ചത്തതിന്റെ വിഷമം പങ്ക് വെച്ച് രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ അമീന് ഖാന്. വീട്ടില്‍ വളര്‍ത്തിയ പശുവിനെക്കുറിച്ചും അതിനോട് തനിക്കുണ്ടായിരുന്ന സ്നേഹത്തെക്കുറിച്ചും അമീന് സംസാരിച്ചു. കുടുംബം നടത്തിവരുന്ന ക്ഷീര കൃഷിയെക്കുറിച്ചും അദ്ദേഹം വാചാലനായി.
‘വീട്ടില്‍ വളര്‍ത്തിയിരുന്ന പശുവിനോട് എനിക്ക് പ്രത്യേക അടുപ്പം ഉണ്ടായിരുന്നു. എന്നാല്‍ അവള് ചത്തുപോയി. അവള് എന്റെ അടുത്ത് എപ്പോഴും ഓടിയെത്തും. എന്റെ മുഖം നക്കുകയും ചെയ്യുമായിരുന്നു. അവളുടെ മുഖം ഓര്‍ക്കുമ്പോള്‍ ഞാന്‍ വികാരാധീനനാകുന്നു.’ എന്നാണ് അമീന് സഭയില്‍ പറഞ്ഞത്.
ഇക്കാര്യങ്ങള്‍ സഭയില്‍ സംസാരിച്ചപ്പോള്‍ തന്റെ കണ്ണില്‍ നിന്നും കണ്ണുനീര് വന്നതായി ഇതേക്കുറിച്ച് സഭയ്ക്ക് പുറത്ത് സംസാരിക്കവെ അമീന് പറഞ്ഞു. ബാര്‍മര്‍ ജില്ലയിലെ ഷിയോ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അമീന് ഖാന്. പശുവിന്റെ പേരില്‍ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും പശു സംരക്ഷണത്തിന്റെ പേരില്‍ അവര്‍ സമൂഹത്തെ വിഭജിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അമീന് ആരോപിച്ചിരുന്നു.
Discussion about this post