കൊല്‍ക്കത്ത: രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചതിനു പിന്നാലെ പശ്ചിമബംഗാളില്‍ ബിജെപിയുടെ റാലിയും തടയാനുള്ള ശ്രമങ്ങളുമായി മമത സര്‍ക്കാര്‍. റാലിയില്‍ പങ്കെടുക്കാനെത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ഹെലികോപ്റ്ററിന് മാള്‍ഡയില്‍ ഇറങ്ങാനുള്ള അനുമതി ജില്ലാഭരണകൂടം നിഷേധിച്ചു. ചൊവ്വാഴ്ചയാണ് ബിജെപിയുടെ റാലി തീരുമാനിച്ചിട്ടുള്ളത്.
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈ ആഴ്ച ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുവദിക്കില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. അതേസമയം, സര്‍ക്കാര്‍ നീക്കത്തിനെതിരേ ബിജെപി രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരിന്റെ ആവിശ്യത്തിനായുള്ള ഹെലികോപ്റ്റര്‍ മാള്‍ഡയില്‍ ഇറക്കുന്നുണ്ടല്ലോയെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
ബിജെപിയുടെ റാലി തടയാന്‍ മമതയ്ക്ക് കഴിയില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കഴിഞ്ഞമാസം പശ്ചിമബംഗാളില്‍ ബിജെപി നടത്താനിരുന്ന രഥയാത്രയ്ക്ക് മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരേ ബിജെപി സുപ്രീം കോടതിവരെ നിയമപോരാട്ടം നടത്തിയെങ്കിലും സര്‍ക്കാര്‍ തീരുമാനം കോടതികളും ശരിവച്ചു.