ബിജെപിയെ വീണ്ടും വെട്ടിലാക്കി മമത ബാനര്‍ജി; അമിത് ഷായുടെ ഹെലികോപ്റ്റര്‍ മാള്‍ഡയില്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചു

മാള്‍ഡ വിമാനത്താവളത്തില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഈയാഴ്ച്ച ഹെലിക്കോപ്റ്റര്‍ ഇറങ്ങുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം

കൊല്‍ക്കത്ത: ബിജെപിയെ വീണ്ടും വെട്ടിലാക്കി മമത ബാനര്‍ജി. നാളെ നടക്കാനിരിക്കുന്ന റാലിയില്‍ പങ്കെടുക്കാനെത്തുന്ന അമിത് ഷായുടെ ഹെലിക്കോപ്റ്ററിന് മാള്‍ഡയില്‍ ഇറങ്ങാനുള്ള അനുമതി ജില്ലാഭരണകൂടം നിഷേധിച്ചു.

അമിത് ഷാ വരുന്ന ഹെലിക്കോപ്റ്റര്‍ മാള്‍ഡ് വിമാനത്താവളത്തിലെ എയര്‍സ്ട്രിപ്പില്‍ ലാന്‍ഡ് ചെയ്യാനായിരുന്നു അനുമതി തേടിയത്. എന്നാല്‍ ഹോട്ടല്‍ ഗോള്‍ഡന്‍ പാര്‍ക്കില്‍ ഹെലികോപ്റ്റര്‍ ഇറക്കാനാണ് ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. മാള്‍ഡ വിമാനത്താവളത്തില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഈയാഴ്ച്ച ഹെലിക്കോപ്റ്റര്‍ ഇറങ്ങുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

അതേ സമയം സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപിയും രംഗത്തെത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് മമത ബാനര്‍ജി ഇതേ ഹെലിപാഡില്‍ ഹെലികോപ്റ്റര്‍ ഇറക്കിയെന്നും ബംഗാളില്‍ ബിജെപിയുടെ റാലി തടയാന്‍ മമതയ്ക്ക് കഴിയില്ലെന്നും വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണികള്‍ ഒന്നും നടക്കുന്നില്ലെന്നും മമതയുടെ അധികാരം അവര്‍ ദുരുപയോഗം ചെയ്യുകയാണെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് പറഞ്ഞു.

Exit mobile version