ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് വിദേശത്തേക്ക് കടന്ന വിവാദ വ്യവസായിയും നീരവ് മോദിയുടെ അമ്മാവനുമായ മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. ഇന്ത്യയിലേക്കുള്ള നാടുകടത്തല്‍ ഒഴിവാക്കി കിട്ടാനാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചിരിക്കുന്നത്. ഇന്ത്യന്‍ പാസ്പോര്‍ട്ടും ഒപ്പം 177 ഡോളറും ചോക്സി ഇപ്പോള്‍ താമസമാക്കിയിരിക്കുന്ന ആന്റിഗ്വ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.
അതേസമയം, ഈ നീക്കം ചോക്സിയെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമങ്ങള്‍ക്ക് വന്‍തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യവിട്ട ചോക്സി ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ പൗരത്വം നേടിയിരുന്നു. 2018 ജനുവരിയില്‍ സിബിഐ കേസെടുത്തതിന് പിന്നാലെയായിരുന്നു ഇത്. എന്നാല്‍ ചോക്സിക്ക് ഇരട്ടപൗരത്വം അനുവദിക്കാനാവില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു.
ചോക്സിയുടെ അനന്തരവനാണ് രാജ്യത്തു നിന്നും കടന്ന നീരവ് മോദി. പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,000 കോടിയുടെ തട്ടിപ്പ് നടത്തിയതിനാണ് രണ്ട് പേര്‍ക്കെതിരെയും സിബിഐ അന്വേഷണം നടത്തുന്നത്.