ലഖ്നൗ: കൊച്ചുമകന്റെ ദുരൂഹമരണത്തില്‍ അന്വേഷണമാവശ്യപ്പെട്ടെത്തിയ പരാതിക്കാരിയെ കൊണ്ട് കാലുപിടിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥന്. ഉത്തര്‍പ്രദേശിലെ ലക്നൗവിലുള്ള ഗുഡംബ പോലീസ് സ്റ്റേഷനിലാണ് സംഭവം. സംഭവത്തില്‍ ഇന്‍സ്പെക്ടര്‍ തേജ് പ്രകാശ് സിങിനെ സസ്പെന്‍ഡ് ചെയ്തു.
തന്റെ ചെറുമകന്റെ ദുരൂഹമരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എത്തിയ
75കാരി ബ്രഹ്മാദേവിക്കാണ് ദുരനുഭവം ഉണ്ടായത്. ബ്രഹ്മാദേവിയുടെ കൊച്ചുമകന് അക്ഷയ് യാദവ് (20) കഴിഞ്ഞദിവസമാണ് ഗ്രാമത്തിലുള്ള പ്ലൈവുഡ് കമ്പനിയിലെ ജോലിക്കിടയില്‍ മെഷീനില്‍ കുടുങ്ങി മരിച്ചത്. എന്നാല്‍ ഈ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടും ഇത് സ്വീകരിക്കാന്‍ സ്റ്റേഷന് ചുമതലയുണ്ടായിരുന്ന തേജ് പ്രകാശ് സിങ് തയ്യാറായില്ല.
ബ്രഹ്മാദേവി കാലില്‍ വീണപ്പോഴും പോലീസ് ഉദ്യോഗസ്ഥന് ഇവരെ മാറ്റാന്‍ ശ്രമിക്കാതെ കാലിന് മേല്‍ കാല് കയറ്റിവച്ച് ചിരിച്ചുകൊണ്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പോലീസുകാരനെതിരെ നടപടിയുണ്ടായത്
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് പോലീസ് സ്റ്റേഷനുകളില്‍ ഒന്നായി തിരഞ്ഞെടുത്തതാണ് ലഖ്നൗവിലെ ഗുഡംബ പോലീസ് സ്റ്റേഷന്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ മണ്ഡലത്തിലാണ് പോലീസ് സ്റ്റേഷന് സ്ഥിതി ചെയ്യുന്നത്.
ആകാശ് യാദവിന്റെ ദുരൂഹ മരണത്തിന് ശേഷം കമ്പനിയുടമ ഒളിവിലാണ്. ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ആകാശിന്റെ ബന്ധുക്കള്‍ നിരവധി തവണ പോലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങിയിരുന്നു.
എന്നാല്‍, പോലീസ് ഇവരുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ വീഡിയോ വൈറല്‍ ആയി പോലീസുകാരനെതിരെ നടപടി വന്നതോടെ ആകാശ് യാദവിന്റെ മരണത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post