ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കീഴില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ന്നതിന് മറ്റൊരു ഉദാഹരണം കൂടി. നാലരവര്‍ഷത്തെ മോഡിയുടെ ഭരത്തില്‍ രാജ്യത്തിന്റെ കടബാധ്യത 50 ശതമാനത്തോളം വര്‍ധിച്ച് 82 ലക്ഷം കോടി രൂപയിലെത്തി. മോഡി ഭരണത്തിലേറുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ മൊത്തം കടം 54.90 ലക്ഷം കോടി രൂപയായിരുന്നു. ഇത് നാലര വര്‍ഷം കൊണ്ട് 2018 സെപ്തംബര്‍ വരെയുള്ള കണക്കുപ്രകാരം ഇത് 82.03 ലക്ഷം കോടി രൂപയായി.
സര്‍ക്കാരിന്റെ കടങ്ങള്‍ സംബന്ധിച്ച് ധനമന്ത്രാലയം പ്രസിദ്ധീകരിച്ച എട്ടാമത് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഓരോ ഇന്ത്യക്കാരന്റെയും കടം നാലരവര്‍ഷംമുമ്പ് ഉണ്ടായിരുന്ന 42,000ത്തില്‍ നിന്ന് 63,000ല്‍പരം രൂപയായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ പൊതുകടം നാലരവര്‍ഷത്തില്‍ 51.7 ശതമാനം വര്‍ധിച്ച് 48 ലക്ഷം കോടി രൂപയില്‍നിന്ന് 73.25 ലക്ഷം കോടിയായി.
ആഭ്യന്തരകടത്തിലുണ്ടായ വര്‍ധനവാണ് പൊതുകടം കൂട്ടിയത്. 68 ലക്ഷം കോടി രൂപയാണ് 2018 സെപ്തംബര്‍വരെയുള്ള ആഭ്യന്തരകടം. വിദേശകടം 5.25 ലക്ഷം കോടി രൂപയായി. മറ്റ് ബാധ്യതകള്‍ 8.55 ലക്ഷം കോടി രൂപയാണ്. കമ്പോളത്തില്‍ നിന്നുള്ള കടമെടുക്കല്‍ 57.50 ശതമാനം വര്‍ധിച്ച് 52.65 ലക്ഷം കോടി രൂപയായി.
വരുമാനമുണ്ടായിട്ടും കേന്ദ്രസര്‍ക്കാരിന്റെ കടം വര്‍ധിപ്പിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് വിമര്‍ശനം ഉയരുകയാണ്. പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവയിലെ വര്ധനവഴിമാത്രം മോഡി സര്‍ക്കാരിന് ഏകദേശം അഞ്ച് ലക്ഷം കോടി രൂപയാണ് അഞ്ച് വര്‍ഷത്തിനുള്ളില്‍ അധികമായി ലഭിക്കുക. ആദായനികുതി ഉള്‍പ്പെടെ പ്രത്യക്ഷനികുതി വരുമാനത്തിലും വര്‍ധനവാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
2017-18ല്‍ പ്രത്യക്ഷനികുതി വരുമാനം തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വര്‍ധിച്ച് 10.02 ലക്ഷം കോടി രൂപയായെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. ആദായനികുതി റിട്ടേണ്‍ നല്‍കുന്നവരുടെ എണ്ണം 5.43 കോടിയില്‍നിന്ന് 6.84 കോടിയായി. ജിഎസ്ടി നടപ്പാക്കിയതോടെ പരോക്ഷനികുതി വരുമാനത്തിലും കേന്ദ്രത്തിന് നേട്ടമായി. എന്നിട്ടും രാജ്യത്തിന്റെ കടം പെരുകുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.
Discussion about this post