വാരണാസി; ഇത്തവണ മോഡി വാരണാസി മണ്ഡലത്തില്‍ മത്സരത്തിനിറങ്ങിയാല്‍ പ്രതിപക്ഷത്തിന് പുറമേ മറ്റൊരു കൂട്ടരുടേയും വെല്ലുവിളി നേരിടേണ്ടി വരും.
‘മരിച്ച് ജീവിച്ചിരിക്കുന്നവര്‍’ ഇക്കുറി മണ്ഡലത്തില്‍ മോഡിയോട് മത്സരിക്കുമെന്നാണ് പറയുന്നത്. മോഡിക്കെതിരെ മാത്രമല്ല രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായവതി എന്നിങ്ങനെയുള്ള സകല നേതാക്കളുടേയും മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നാണ് അവര്‍ പറയുന്നത്.
ബോധപൂര്‍വ്വമോ അല്ലാതെയോ റവന്യൂ രേഖകളില്‍ മരിച്ചവര്‍ എന്ന് ചേര്‍ത്തിട്ടുള്ള ആയിരക്കണക്കിന് പേരാണ് യുപിയിലുള്ളത്. ഇവരുടെ സംഘടനയാണ് മൃതക് സംഘ്. കൂടുംബാംഗങ്ങള്‍ സ്വത്ത് കൈക്കലാക്കാനോ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വരുന്ന പിഴവു മൂലമോ മരിച്ചവരായി കഴിയേണ്ടി വരുന്ന ഇവര്‍ക്ക് പിന്നീട് രേഖകളില്‍ ജീവന് തിരിച്ച് കിട്ടുക പ്രയാസമാണ്. ഇതിനെതിരെ പോരാടുന്നതിനാണ് ആയിരക്കണക്കിന് വരുന്ന ഇവര്‍ സംഘടന രൂപീകരിച്ചിരിക്കുന്നത്.
രേഖകളില്‍ മരിക്കുന്നതോടെ ആനുകൂല്യങ്ങളുടെ ലിസ്റ്റില്‍ നിന്നും അവശ്യ സേവന സ്ഥാപനങ്ങളുടെ പട്ടികയില്‍ നിന്ന് ഇവര്‍ ഒഴിവാക്കപ്പെടുന്നു. ഇതിനെതിരെ പതിറ്റാണ്ടുകളായി ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രതിഷേധങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇതൊന്നും ലക്ഷ്യം കാണാറില്ല.
അതുകൊണ്ടാണ് പ്രമുഖ നേതാക്കളുടെ മണ്ഡലത്തില്‍ മത്സരിച്ച് ജീവനുണ്ടെന്ന് തെളിയിക്കാന്‍ ഇവരുടെ സംഘടന ഒരുങ്ങുന്നത്. ഞങ്ങളുടെ വിധി ലോകത്തേയും നേതാക്കളേയും അറിയിക്കാന്‍ ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നാണ് അവരുടെ വാദം.
Discussion about this post