അഹമ്മദാബാദ്: ഇന്ത്യയുടെ ഡാറ്റ ഇന്ത്യയുടെ കുത്തകാവകാശമാണ് അത് കൈകാര്യം ചെയ്യാന്‍ ആഗോള കുത്തകകളെ അനുവദിക്കരുതെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി ആവശ്യപ്പെട്ടു. വൈബ്രന്റ് ഗുജറാത്ത് നിക്ഷേപകസംഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സാക്ഷിയാക്കിയായിരുന്നു അംബാനിയുടെ പ്രസ്താവന.
പഴയലോകത്തില്‍ എണ്ണയുടെ സ്ഥാനമാണ് പുതിയ ലോകത്തില്‍ ഡാറ്റയുടേതെന്ന് അംബാനി പറഞ്ഞു. അതാണ് പുതിയ സമ്പത്ത്. ഇന്ത്യയുടെ ഡാറ്റ ഇന്ത്യക്കാരുടെ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമായിരിക്കണം. ഈ വിപ്ലവത്തില്‍ നമുക്ക് ജയിക്കണമെങ്കില്‍ ഈ ഉടമസ്ഥത തിരികെപ്പിടിച്ചേ മതിയാകൂവെന്നും അംബാനി പറഞ്ഞു.
ഇന്ത്യന്‍ ഡാറ്റ വിദേശകമ്പനികളില്‍ സുരക്ഷിതമാണോയെന്ന ചര്‍ച്ച ഉയരുന്നതിനിടയിലാണ് അംബാനിയുടെ നിര്‍ദേശം. ഡാറ്റയുടെ മേല്‍ നിയന്ത്രണമൊഴിവാക്കാന്‍ ആഗോള കമ്പനികള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. ഇത് അംബാനിക്ക് തിരിച്ചടിയായേക്കാമെന്നാണ് സൂചന. ഇതിനിടെയാണ് അംബാനിയുടെ പരസ്യപ്രസ്താവനയും. റിലയന്‍സിന്റെ ജിയോ മണി ഡിജിറ്റല്‍ സാമ്പത്തിക രംഗത്ത് ഗൂഗിള്‍ പ്‌ളേ, ആമസോണ്‍ പേ, വാട്സ്ആപ്പ് പേ തുടങ്ങിയവയുമായി കടുത്ത മത്സരത്തിലാണ്.
നിക്ഷേപാനുകൂല അന്തരീക്ഷം ഒരുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അടുത്തവര്‍ഷം ആദ്യ അമ്പതിലെത്തുമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ലോകബാങ്കിന്റെ പട്ടികയില്‍ 2014-ല്‍ 142-ാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ 65 പടി കയറി 77-ലെത്തി. ചരക്ക്-സേവന നികുതി വഴിയുള്ള നികുതി ലഘൂകരണം, ഡിജിറ്റല്‍വത്കരണം, ഏകജാലക സംവിധാനം തുടങ്ങിയവയാണ് ഇതിന് കാരണങ്ങള്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ശരാശരി വളര്‍ച്ചനിരക്ക് 7.3 ശതമാനമാണ്. 1991-നുശേഷം ഒരു സര്‍ക്കാരിനും മുഴുവന്‍ കാലയളവ് നോക്കിയാല്‍ ഈ നേട്ടം കൈവരിക്കാനായിട്ടില്ല-മോഡി വ്യക്തമാക്കി.
ഗാന്ധിനഗറില്‍ നടക്കുന്ന മൂന്നുദിവസത്തെ സംഗമത്തില്‍ ഉസ്ബെക്കിസ്താന്‍, റുവാന്‍ഡ, ഡെന്‍മാര്‍ക്ക്, ചെക്ക് റിപ്പബ്‌ളിക്, മാള്‍ട്ട എന്നീ രാജ്യങ്ങളുടെ തലവന്‍മാരടക്കം മുപ്പതിനായിരത്തോളം പ്രതിനിധികള്‍ സംബന്ധിക്കുന്നുണ്ട്. ഇന്ത്യന്‍ വ്യവസായപ്രമുഖരായ മുകേഷ് അംബാനിക്കു പുറമെ, ഗൗതം അദാനി, കുമാരമംഗലം ബിര്‍ള, എന്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവരും വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം കൂടുമ്പോള്‍ നടത്താറുള്ള വൈബ്രന്റ് ഗുജറാത്ത് സംഗമം നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് തുടങ്ങിയത്.
Discussion about this post