പട്ന: മോഡി പ്രബാവം മങ്ങി രാഹുല്‍ യുഗത്തിലേയ്ക്ക് കടക്കുമ്പോള്‍ ബിജെപി പാര്‍ട്ടി വിട്ട് മുന്‍ എംപി ഉദയ് സിങ്. രാജിവെയ്ക്കുന്ന കാര്യം അദ്ദേഹം തന്നെയാണ് അറിയിച്ചത്. നിതീഷ് കുമാര്‍ നേതൃത്വം നല്കുന്ന ജെഡിയുവിനു മുന്നില്‍ ബിജെപി കീഴടങ്ങുന്നുവെന്ന് ആരോപിച്ചാണ് ഉദയ് സിങ്ങ് രാജി പ്രഖ്യാപിച്ചത്.
ബിഹാറിലെ പുര്‍ണിയ മണ്ഡലത്തെ രണ്ടുവട്ടം(2004, 2009) പ്രതിനിധീകരിച്ച എംപിയാണ് ഉദയ് സിങ്. നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ ജനസമ്മതി അതിവേഗം കുറയുകയാണ്. നിതീഷിന്റെ ദുഷ്പ്രവര്‍ത്തികളുടെ ഫലം അനുഭവിക്കേണ്ടുന്ന അവസ്ഥയിലാണ് ഇപ്പോള്‍ ബിജെപി എത്തിനില്‍ക്കുന്നത്- സിങ് ആരോപിച്ചു. നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കിയതിനെയും ഉദയ് സിങ് വിമര്‍ശിച്ചു.
ജനപ്രീതിയിലുണ്ടായ വര്‍ധനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിക്കാനും ഉദയ് സിങ് മറന്നില്ല. തന്റെ ഭാവിപദ്ധതികളെ കുറിച്ച് വെളിപ്പെടുത്താന്‍ തയ്യാറായില്ല. നല്ല ഉദ്ദേശങ്ങളുണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയാണെന്നും പറഞ്ഞു. കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യത്തെ താന്‍ അംഗീകരിച്ചിരുന്നില്ലെന്നും പ്രതിപക്ഷത്തെ തുടച്ചുനീക്കിയാല്‍ ജനാധിപത്യത്തിന് നിലനില്‍ക്കാനാകില്ലെന്നും ഉദയ് സിങ് കൂട്ടിച്ചേര്‍ത്തു.
Discussion about this post