ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സംവരണത്തിന് എതിരെ തമിഴ്നാട് പ്രതിപക്ഷ പാര്‍ട്ടി ദ്രാവിഡ മുന്നേട്ട്ര കഴകം(ഡിഎംകെ) മദ്രാസ് ഹൈക്കോടതിയില്‍. ഡിഎംകെ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ആര്‍എസ് ഭാരതിയാണ് ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പില്‍ വരുത്തിയ പുതിയ നിയമത്തെ വെല്ലുവിളിച്ച് കോടതിയെ സമീപിച്ചത്.
സംവരണം ദാരിദ്ര്യ നിര്‍മാജനത്തിനുള്ള ഉപാധിയല്ലെന്നും, കാലങ്ങളായി വിദ്യാഭ്യാസവും ജോലിയും നിഷേധിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനവും അധികരാപങ്കാളിത്തവുമാണ് സംവരണത്തിന്റെ ഉദ്ദേശ്യം എന്നും ഭാരതി സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ സംവരണ നിയമം റദ്ദാക്കിക്കൊണ്ട് ഇന്ററിം ഇഞ്ചങ്ഷന് പുറപ്പെടുവിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
തമിഴ്നാട്ടില്‍ 69 ശതമാനം സംവരണം നിലനില്‍ക്കേ പുതിയ നിയമപ്രകാരമുള്ള 10 ശതമാനം സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിക്കാരന്റെ കൗണ്‍സില്‍ പി വില്‍സണ്‍ പറയുന്നു.
സംവരണം ബില്‍ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെ പ്രതിഷേധിച്ച് രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. പുതിയ സംവരണ ബില്ലിനെതിരെ നല്കുന്ന രണ്ടാമത്തെ ഹര്‍ജിയാണ് ഡിഎംകെയുടേത്. അതേസമയം, മുന്നാക്ക ജാതി സംവരണബില്ലിനെതിരെ യൂത്ത് ഫോര്‍ ഈക്വാലിറ്റി എന്ന എന്‍ജിഒ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
Discussion about this post