ന്യൂഡല്‍ഹി: കനകദുര്‍ഗയ്ക്കും ബിന്ദുവിനും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി. ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഇരുവരും വധ ഭീഷണി നേരിട്ടിരുന്നു. തുടര്‍ന്നാണ് യുവതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സര്‍ക്കാര്‍ അത് ചെയ്യണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. അതേസമയം സുരക്ഷ ഉറപ്പു വരുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
മുഴുവന്‍ സമയസുരക്ഷ ആവശ്യപ്പെട്ട് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. ഈ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ബിന്ദുവിന്റേയും കനകദുര്‍ഗ്ഗയുടേയും അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അതേസമയം ശബരിമല ദര്‍ശനത്തിന് ശേഷം തിരികെ വീട്ടിലെത്തിയ കനകദുര്‍ഗ്ഗയ്ക്ക് ഭര്‍തൃവീട്ടുകാരുടെ മര്‍ദ്ദനമേറ്റിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കനകദുര്‍ഗ്ഗയെ ന്യൂറോ സര്ജന് ഇല്ലാത്തതിനാല്‍ വിദഗ്ധ പരിശോധനക്കായി കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. അതേസമയം കനകദുര്‍ഗ്ഗ മര്‍ദ്ദിച്ചെന്നാരോപിച്ച് ഭര്‍ത്താവിന്റെ അമ്മയും ചികിത്സ തേടി എത്തുകയുണ്ടായി.
Discussion about this post