ന്യൂഡല്‍ഹി: കനയ്യകുമാര്‍ ഉള്‍പ്പടെ പത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി എബിവിപിയുടെ മുന്‍ നേതാക്കള്‍ രംഗത്ത്. പാകിസ്താന് സിന്ദാബാദ് വിളിച്ചത് എബിവിപിക്കാര്‍ തന്നെയാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
2016-ല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കനയ്യകുമാറിനെതിരെ കേസെടുത്ത സംഭവത്തില്‍ ‘പാകിസ്താന് സിന്ദാബാദ്’ എന്ന് വിളിച്ചത് എബിവിപി പ്രവര്‍ത്തകരാണെന്നും മുന്‍ എബിവിപി ജോയിന്റ് സെക്രട്ടറിയായ പ്രദീപ് നര്‍വാള്‍ വെളിപ്പെടുത്തുന്നു. ആറ് മാസം മുമ്പാണ് നര്‍വാല്‍ എബിവിപി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.
നിലവില്‍ നടക്കുന്നത് എല്ലാ സംഭവങ്ങളും രാഷ്ട്രീയപ്രേരിതമാണെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് ബിജെപി ഈ നാടകം കളിച്ചതെന്നും പ്രദീപ് നര്‍വാള്‍ ആരോപിച്ചു. രോഹിത് വെമൂലയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ശ്രദ്ധ തിരിക്കാന്‍ വേണ്ടി ബിജെപി ആസൂത്രണം ചെയ്ത ഗൂഢപദ്ധതിയാണ് ജെഎന്‍യുവില്‍ അരങ്ങേറിയതെന്ന് നര്‍വാള്‍ തുറന്നടിച്ചു.
ജനാധിപത്യത്തിനു നേരെ നടന്ന ഏറ്റവും വലിയ തട്ടിപ്പാണ് ബിജെപി നടത്തിയതെന്നും നര്‍വാള്‍ ആരോപിക്കുന്നു. നര്‍വാളിനു പുറമെ മറ്റൊരു എബിവിപി നേതാവും ജെഎന്‍യു യൂണിറ്റ് മുന്‍ വൈസ് പ്രസിഡന്റുമായ ജതിന് ഗോരയ്യയും ഇതേ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. നാല് വീഡിയോകളാണ് അന്ന് പുറത്ത് വന്നിരുന്നത്. അതില്‍ നാലാമത്തേത് കാണണം. അതില്‍ പാകിസ്താന് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുന്നത് എബിവിപി അംഗങ്ങളാണ്.’ ഗോരയ്യ പറയുന്നു.
ബിജെപിയുടെ ദളിത് വിരുദ്ധ നിലപാടുകളില്‍ മനംമടുത്താണ് താന്‍ എബിവിപി വിട്ടതെന്ന് ഗോരയ്യ പറയുന്നു.. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കുറ്റപത്രം രണ്ട് വര്‍ഷത്തിനു ശേഷം സമര്‍പ്പിച്ചതെന്നും ഇരുവരും ആരോപിക്കുന്നു. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്ന കേസില്‍ കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ഏഴ് കാശ്മീരി വിദ്യാര്‍ത്ഥികള്‍ എന്നിവരെ പ്രതി ചേര്‍ത്ത് 1200 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.
Discussion about this post