ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസെന്ന സാമ്രാജ്യത്തിന്റെ അവസാന ഭരണാധികാരിയായിരിക്കുമെന്ന് ബിജെപി രാജസ്ഥാന് വൈസ് പ്രസിഡന്റ് ഗ്യാന്‍ ദേവ് അഹുജ. മുഗള്‍ ഭരണാധികാരി ഔറംഗസീബിനോടാണ് രാഹുലിനെ അദ്ദേഹം ഉപമിച്ചത്. മുഗള്‍ ഭരണം അവസാനിച്ചത് പോലെ കോണ്‍ഗ്രസ് സാമ്രാജ്യം അവസാനിക്കുകയാണെന്നും അഹുജ അഭിപ്രായപ്പെട്ടു.
‘മുഗള്‍ ഭരണാധികാരി ഔറംഗസീബിനെ പോലെ അവസാന ഭരണാധികാരിയാണ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് സാമ്രാജ്യം അവസാനിക്കുകയാണ്’- അഹൂജ പറഞ്ഞു.
എന്നാല്‍ ഏറ്റവും അവസാന മുഗള്‍ ഭരണാധികാരി ബഹദൂര്‍ ഷാ സഫര്‍ ആയിരുന്നെന്ന് ബിജെപി നേതാവിനോട് സോഷ്യല്‍മീഡിയ തിരുത്തു നല്കുന്നു. ഔറംഗസീബിന്റെ കാലം കഴിഞ്ഞതോടെയാണ് മുഗള്‍ഭരണം ശിഥിലമായി തുടങ്ങിയതെങ്കിലും അവസാന ഭരണാധികാരി ബഹദൂര്‍ ഷാ സഫറായിരുന്നു.
അഹൂജ പറഞ്ഞതാകട്ടെ ഔറംഗസീബാണ് അവസാന മുഗള്‍ ഭരണാധികാരിയെന്നും. 2017 ഡിസംബറില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി കടന്ന് വന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി രാഹുലിനെ ഔറംഗസീബിനോട് ഉപമിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ജനാധിപത്യമില്ലെന്ന് സമര്‍ത്ഥിക്കാനായിരുന്നു ബിജെപി ശ്രമിച്ചത്.
Discussion about this post