ബംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസിനെ അട്ടിമറിക്കാനുള്ള ശ്രമം പൊളിഞ്ഞ ബിജെപി നേതൃത്വത്തെയും എംഎല്‍എമാരെയും പരിഹസിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു. ഡല്‍ഹിയിലെ ആഢംബര ഹോട്ടലില്‍ അവധിക്കാലം ആഘോഷിക്കുന്ന ബി.ജെ.പിയുടെ എല്ലാ എം.എല്‍.എമാരേയും ഞങ്ങള്‍ സ്വന്തം തട്ടകത്തിലേക്ക് തിരിച്ചുവിളിക്കുകയാണെന്നും നിങ്ങള്‍ക്ക് നാണക്കേടൊന്നും തോന്നേണ്ട ആവശ്യമില്ലെന്നും തിരിച്ചുപോന്നോളൂ എന്നുമായിരുന്നു ദിനേഷ് ഗുണ്ടു പറഞ്ഞത്.
പുതുശക്തിയാര്ജ്ജിച്ച് എംഎല്‍എമാര്‍ മടങ്ങിവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇത്രയും കാലം അവഗണിച്ചുപോന്ന സ്വന്തം മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളൊക്കെ ഇനി അവര്‍ വേഗതയില്‍ തീര്‍ക്കുമെന്നും കരുതുന്നു- ദിനേഷ് ഗുണ്ടു റാവു കൂട്ടിച്ചേര്‍ത്തു. 27000 മുതല്‍ 31000 രൂപ വരെ ഒറ്റ രാത്രിയ്ക്ക് ഈടാക്കുന്ന ഗുര്‍ഗോണിലെ ഹോട്ടലില്‍ 70 റൂമുകളായിരുന്നു ബിജെപി എംഎല്‍എമാര്‍ക്ക് വേണ്ടി ബുക്ക് ചെയ്തിരുന്നത്.
സര്‍ക്കാര്‍ അട്ടിമറി സാധ്യത പാളിയതോടെ എംഎല്‍എമാര്‍ ഓരോരുത്തരായി ഹോട്ടലില്‍ നിന്നും പുറത്തിറങ്ങി. എങ്കിലും ചിലര്‍ ഹോട്ടലില്‍ തന്നെ തങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഹരിയാന റിസോര്‍ട്ടില്‍ നിന്നു ബിജെപി കര്‍ണാടക അധ്യക്ഷന്‍ യെദ്യൂരപ്പ കഴിഞ്ഞ ദിവസം ബംഗളൂരുവിലേക്ക് മടങ്ങിയിരുന്നു.
Discussion about this post