ഭോപ്പാല്‍: ഭാര്യയുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തിനെതിരെ ഭര്‍ത്താവ് കോടതിയെ സമീപിച്ചു. ഭാര്യയ്ക്ക് തനിക്കൊപ്പം ചെലവഴിക്കാന്‍ സമയമില്ലെന്നും, തനിക്ക് ഭക്ഷണം നല്കാന് പോലും ഭാര്യ മറക്കുന്നുവെന്നുമാണ് പരാതി. മധ്യപ്രദേശ് സ്വദേശിയായ യുവാവാണ് ഭാര്യയുടെ അമിതമായ ഫോണ്‍ ഉപയോഗത്തെ തുടര്‍ന്ന് ബന്ധം വേര്പ്പെടുത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
എന്നാല്‍ തനിക്ക് സ്മാര്‍ട്ട് ഫോണില്ലെന്നും തന്റെ കയ്യിലുള്ളത് സാധാരണ ഫോണാണെന്നുമാണ് ഭാര്യ കോടതിയില്‍ പറഞ്ഞത്. വീട്ടുകാരുമായി പോലും സംസാരിക്കാന്‍ ഭര്‍ത്താവ് അനുവദിക്കാറില്ലെന്നും ഭാര്യ കോടതിയില്‍ പറഞ്ഞു.
അതേസമയം വിവാഹം കഴിഞ്ഞതു മുതല്‍ ഇരുപത്തിനാല് മണിക്കൂറും ഫോണില്‍ തന്നെയാണ് ഭാര്യ സമയം ചിലവഴിക്കുന്നതെന്നാണ് യുവാവിന്റെ പക്ഷം. ഭാര്യയ്ക്ക് സെല്‍ഫി ആസക്തിയാണെന്നും യുവാവ് ആരോപിക്കുന്നു.
ഫോണില്‍ സമയം ചെലവിടുമ്പോള്‍ തനിക്ക് ഭക്ഷണം നല്കാന് പോലും ഭാര്യ മറക്കുന്നുവെന്നും യുവാവ് പറഞ്ഞു. ഇരുവരെയും തിരികെ നല്ലൊരു ദാമ്പത്യത്തിനായി പ്രാപ്തരാക്കുന്നതിനു വേണ്ടി കൗണ്‍സിലിങ് നല്കാന് കോടതി ഉത്തരവിട്ടു.
Discussion about this post