ഖനി അപകടം: റിപ്പോര്‍ട്ടുകള്‍ ശരിവെച്ച് 35 നാളുകള്‍ക്ക് ശേഷം ആദ്യ മൃതദേഹം കണ്ടെത്തി! മൃതദേഹം കിടന്നിരുന്നത് 220 അടി താഴ്ചയില്‍, ഖനിയുടെ കവാടം വരെ എത്തിച്ചു

പ്രായപൂര്‍ത്തിയാകാത്ത ആളുടേതാണ് മൃതദേഹം എന്നാണ് നിഗമനം.

ഷില്ലോങ്: മോഘാലയയിലെ 370 അടി താഴ്ചയുള്ള ഖനി അപകടത്തില്‍പ്പെട്ട 15 തൊഴിലാളികള്‍ ഒരാളുടെ മൃതദേഹം അപകടം നടന്ന് 35 ദിവസത്തിനുള്ളില്‍ കണ്ടെത്തി. ലഭിച്ച റിപ്പോര്‍ട്ടുകള്‍ ശരിവെച്ച് കൊണ്ടാണ് ആദ്യ മൃതദേഹം ലഭിച്ചത്. കുടുങ്ങിയ 15 പേരും മരിച്ചിരിക്കാം എന്നായിരുന്നു റിപ്പോര്‍ട്ട്.

നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരാണ് വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയത്. 220 അടി താഴ്ചയിലാണ് മൃതദേഹം കിടന്നിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത ആളുടേതാണ് മൃതദേഹം എന്നാണ് നിഗമനം. മൃതദേഹം ഖനിയുടെ കവാടംവരെ എത്തിച്ചെങ്കിലും പുറത്തെടുത്തിട്ടില്ല. ബാക്കിയുള്ളവര്‍ക്കായി നാവികസേനയുടെ റിമോട്ട് കണ്‍ട്രോള്‍ വാഹനം ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുകയാണ്. പ്ലസ്ടു വിദ്യാര്‍ഥിയടക്കം പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെങ്കിലും അപകടത്തില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്.

കിഴക്കന്‍ ജയന്തിയ ഹില്‍സ് ജില്ലയിലെ ലുംതാരിയിലെ അനധികൃത കല്‍ക്കരിഖനിയിലാണ് ഡിസംബര്‍ 13-ന് അപകടമുണ്ടായത്. സമീപത്തെ ലിറ്റീന്‍ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഖനിയിടിഞ്ഞായിരുന്നു അപകടം. നാവികസേനയ്ക്ക് പുറമെ ഒഡിഷ അഗ്‌നിരക്ഷാസേന, ദേശീയ ദുരന്തനിവാരണ സേന, കോള്‍ ഇന്ത്യാ ലിമിറ്റഡ്, കിര്‍ലോസ്‌കര്‍ എന്നിവയില്‍നിന്നുള്ള സംഘങ്ങളുടെ പരിശ്രമത്തിലൂടെ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഖനിയില്‍നിന്ന് പുറത്തേക്ക് ഒഴുക്കിയത്.

Exit mobile version