മംഗളൂരു: സ്വര്‍ണ്ണക്കടത്തിനെതിരെ നടപടി കര്‍ശ്ശനമാക്കിയതോടെ പുതുവഴി കണ്ടെത്തിയ കള്ളക്കടത്തുകാരെ കുരുക്കി കസ്റ്റംസ്. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 27,56,436 രൂപ വിലവരുന്ന സ്വര്‍ണപ്പേസ്റ്റ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. രണ്ടു കേസുകളിലായാണ് നടപടി. കാസര്‍കോട് കമ്പാര്‍ സാബിര്‍ മന്‍സിലില്‍ അബൂബക്കര്‍ മുഹമ്മദി(46)ല്‍ നിന്നാണ് 9.80 ലക്ഷം രൂപ വിലവരുന്ന 303.210 ഗ്രാം സ്വര്‍ണപ്പേസ്റ്റ് പിടിച്ചെടുത്തത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്ക് ദുബായില്‍നിന്ന് നയന്‍ -814 എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇയാള്‍. സ്വര്‍ണപ്പേസ്റ്റ് പശയും രാസവസ്തുക്കളും ചേര്‍ത്ത് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ദീര്‍ഘവൃത്താകൃതിയില്‍ ഉണ്ടകളാക്കി അടിസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
ഇത്തരത്തില്‍ നാല് ഉണ്ടകളാണ് അബൂബക്കര്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചത്. ഈ മിശ്രിതത്തില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്താണ് കസ്റ്റംസ് അധികൃതര്‍ വില നിശ്ചയിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് ആറുമണിക്ക് ദുബായില്‍ നിന്നെത്തിയ എസ്ജി 60 സ്‌പൈസ്ജെറ്റ് വിമാനത്തില്‍നിന്ന് ഉടമസ്ഥനില്ലാത്ത 549.130 ഗ്രാം സ്വര്‍ണപ്പേസ്റ്റും കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഇതിന് വിപണിയില്‍ 17,76,436 രൂപ വില വരും. വിമാനത്തിന്റെ ഏറ്റവും പിറകിലുള്ള സീറ്റിന്റെ പുസ്തകങ്ങളും ഭക്ഷണ ട്രേയും വെക്കുന്ന സ്ഥലത്ത് എയര്‍ സിക്ക്നസ് ബാഗില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു സ്വര്‍ണപ്പേസ്റ്റ്.
വിമാനം ലാന്‍ഡ് ചെയ്ത് യാത്രക്കാര്‍ പുറത്തിറങ്ങിയ ഉടനെ കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണപ്പേസ്റ്റ് കണ്ടെത്തിയത്. ഇത് കടത്താന്‍ ശ്രമിച്ചത് കാസര്‍കോട്ടുകാരനാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
Discussion about this post