തിരുച്ചിറപ്പള്ളി: രാജ്യത്തിന് നാണക്കേടായി വീണ്ടും സദാചാര ഗുണ്ടായിസം. കാമുകിയ്‌ക്കൊപ്പം കണ്ടുവെന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ സദാചാരവാദികള്‍ മര്‍ദ്ദിച്ചും കുത്തി പരിക്കേല്‍പ്പിച്ചും കൊലപ്പെടുത്തി. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ സിരുഗനൂരിലാണ് സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.
തിരുച്ചിറപ്പള്ളിയിലെ ആര്‍കെ രാമകൃഷ്ണല്‍ എന്‍ഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ തമിഴ്വണ്ണന്‍ (21) ആണ് സദാചാരവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തമിഴ്വണ്ണന്‍ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ചായിരുന്നു ആക്രമണം. തമിഴ്വണ്ണനും നഴ്‌സിങ് വിദ്യാര്‍ത്ഥിയായ യുവതിയുമായാണ് യുവാവ് കോളേജില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള വനപ്രദേശത്ത് എത്തിയത്.
ഇരുവരും ഒരുമിച്ച് ഇരുന്നത് കണ്ട നാലംഗ സംഘം ഇവരുടെ അടുത്തേയ്ക്ക് എത്തി മോശമായി സംസാരിക്കുകയായിരുന്നു. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പറഞ്ഞ് മോശമായ വാക്കുകള്‍ ഉപയോഗിച്ചതോടെ തമിഴ്വണ്ണന്‍ നാലംഗ സംഘവുമായി വാക്കുത്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ സംഘത്തിലെ ഒരാള്‍ തമിഴ്വണ്ണന്റെ തുടയില്‍ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് തിരുച്ചിറപ്പള്ളി എസ് പി സിയൂള്‍ ഹഖ് പറഞ്ഞു.
മുറിവേല്‍പ്പിച്ച ശേഷം തമിഴ്വണ്ണനോടും യുവതിയോടും എത്രയും വേഗം സ്ഥലത്ത് നിന്ന് പോകണമെന്ന് മുന്നയിപ്പും നല്‍കി. തമിഴ്വണ്ണന്റെ തുടയിലെ മുറിവില്‍ നിന്ന് ചോര വാര്‍ന്ന് ഒഴുകുന്നത് കണ്ടതോടെ യുവതി എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിച്ചു. ഇതിന് ശേഷം യുവതി വിളിച്ചതനുസരിച്ച് എത്തിയ ആംബുലന്‍സില്‍ തമിഴ്വണ്ണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിയിരുന്നു. തുടയിലെ ആഴത്തിലുള്ള മുറിവില്‍ നിന്ന് അമിതമായി രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള മാര്‍ഗ മധ്യേ തമിഴ്വണ്ണന്‍ മരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.