മഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി; ശിവജി പ്രതിമയുടെ നിര്‍മ്മാണം നിര്‍ത്തിവെച്ചു

കണ്‍സര്‍വേഷന്‍ ആക്ഷന്‍ ട്രസ്റ്റ് (സിഎടി) എന്ന സംഘടന നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെയാണ് പ്രതിമയുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് എസ്‌കെ കൗളും അടങ്ങുന്ന ബെഞ്ച് വെള്ളിയാഴ്ച നിര്‍ദേശം നല്‍കിയത്. അതേസമയം, പ്രതിമ നിര്‍മ്മാണത്തിനുള്ള തടസ്സം നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയ സമീപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

മുംബൈ: സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ശിവജി പ്രതിമയുടെ നിര്‍മ്മാണം മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. കണ്‍സര്‍വേഷന്‍ ആക്ഷന്‍ ട്രസ്റ്റ് (സിഎടി) എന്ന സംഘടന നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെയാണ് പ്രതിമയുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് എസ്‌കെ കൗളും അടങ്ങുന്ന ബെഞ്ച് വെള്ളിയാഴ്ച നിര്‍ദേശം നല്‍കിയത്. അതേസമയം, പ്രതിമ നിര്‍മ്മാണത്തിനുള്ള തടസ്സം നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയ സമീപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ കരാറുകാരന് നിര്‍ദേശം നല്‍കിക്കൊണ്ട് ചൊവ്വാഴ്ച മഹാരാഷ്ട്ര പൊതുമരാമത്തുവകുപ്പ് ഉത്തരവിറക്കി. ബുധനാഴ്ചയോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയും ചെയ്തു. മുംബൈയിലെ പ്രശസ്തമായ മറൈന്‍ ഡ്രൈവില്‍, 3.5 കി. മീറ്റര്‍ കടലിനുള്ളില്‍ കൃത്രിമമായുണ്ടാക്കിയ ദ്വീപിലാണ് പ്രതിമ സ്ഥാപിക്കുന്നത്.

88.8 മീറ്റര്‍ ഉയരമുള്ള പീഠവും 123.2 മീറ്റര്‍ ഉയരമുള്ള പ്രതിമയുമായി മൊത്തം 212 മീറ്റര്‍ ഉയരത്തിലാണ് ശിവജി സ്മാരകം ഉയരുക. കടലില്‍ തറയുണ്ടാക്കി നിര്‍മാണസാമഗ്രികള്‍ ഇറക്കുന്ന ജോലിയാണ് തുടങ്ങിയിരുന്നത്. പണി നിര്‍ത്തിവെക്കുന്നത് പ്രതിമ പൂര്‍ത്തിയാകുന്നത് വൈകാന്‍ വഴിയൊരുക്കും. പ്രതിമാ നിര്‍മ്മാണത്തിന് പാരിസ്ഥിതികാനുമതി നല്‍കിയത് മതിയായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാണിച്ചാണ് സിഎടി സുപ്രീംകോടതിയെ സമീപിച്ചത്.

പ്രതിമയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെപ്പറ്റി പൊതുജനങ്ങള്‍ക്കുള്ള ആവലാതികള്‍ കേള്‍ക്കേണ്ടതായിരുന്നെന്നും അതില്ലാതെയാണ് സര്‍ക്കാര്‍ അനുമതിനല്‍കിയതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചു. പ്രതിമയുടെ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യം നേരത്തേ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ദേശീയപ്രാധാന്യമുള്ള വിഷയമായാണ് പ്രതിമാനിര്‍മാണത്തെ കണക്കാക്കുന്നതെന്നും അതുസംബന്ധിച്ച പ്രായോഗിക പ്രശ്‌നങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ വിവേകത്തിനു വിടുകയാണെന്നുമാണ് ഹൈക്കോടതി പറഞ്ഞത്.

ഇതിനെതിരേയാണ് സിഎടി സുപ്രീംകോടതിയെ സമീപിച്ചത്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമയായി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള ശിവജി സ്മാരകം അഭിമാനപദ്ധതിയായാണ് ദേവേന്ദ്ര ഫഡ്നവിസ് സര്‍ക്കാര്‍ കണക്കാക്കുന്നത്. നിര്‍മാണം തുടങ്ങിയതിനുശേഷം നിര്‍ത്തിവെക്കേണ്ടിവന്നത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്ന് ഔഗ്യോഗിക വൃത്തങ്ങള്‍ സമ്മതിച്ചു. വിലക്കുനീക്കുന്നതിനായി സുപ്രീംകോടതിയില്‍ വിശദമായി സത്യവാങ്മൂലം നല്‍കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

Exit mobile version