ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനായി ഓരോ മണ്ഡലത്തില്‍ നിന്നും പരിഗണിക്കാവുന്ന 3 പേരുകള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ക്കു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. ഇതിനു പുറമേ, വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനു മണ്ഡലാടിസ്ഥാനത്തില്‍ 3 രഹസ്യ സര്‍വ്വേകള്‍ നടത്താന്‍ സ്വകാര്യ ഏജന്‍സികളെയും രാഹുല്‍ നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നമോ ആപ്പ് വഴി നടത്തുന്ന സര്‍വ്വേയുടെ മാതൃകയിലാണ് രാഹുലിന്റെയും സര്‍വ്വേ.
കേരളത്തില്‍ വിജയസാധ്യതയുള്ള നേതാവെന്ന നിലയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മത്സരരംഗത്തിറക്കുന്നതും കെപിസിസിയുടെ പരിഗണനയിലുണ്ട്. എന്നാല്‍, ഇതിനായി സമ്മര്‍ദ്ദം ചെലുത്തില്ല. അന്തിമ തീരുമാനം ഉമ്മന്‍ചാണ്ടി തന്നെ എടുക്കട്ടെയെന്ന നിലപാടിലാണ് ദേശീയ, സംസ്ഥാന നേതൃത്വം
അതേസമയം, സര്‍വ്വെ നടത്തുന്നുണ്ടെങ്കിലും വിജയസാധ്യത മാത്രമാണു മാനദണ്ഡമെന്നും നിലവിലുള്ള എംപിമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ കെപിസിസിക്കു തീരുമാനമെടുക്കാമെന്നും രാഹുല്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. അല്ലാത്ത മണ്ഡലങ്ങളില്‍ 3 പേരുടെ പരിഗണനാ പട്ടിക തയാറാക്കണം. പുതുമുഖങ്ങള്‍, വനിതകള്‍ എന്നിവരെയും പരിഗണിക്കണം. സംസ്ഥാന നേതൃത്വത്തിനു കീഴിലുള്ള തിരഞ്ഞെടുപ്പു സമിതി അക്കാര്യം പരിശോധിച്ചു വിജയസാധ്യത ആര്‍ക്കൊക്കെയെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയെയും കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയെയും അറിയിക്കണം. ജനറല്‍ സെക്രട്ടറിമാര്‍ ജില്ലാ നേതൃത്വങ്ങളുമായി നേരിട്ടു ചര്‍ച്ച നടത്തണമെന്നും രാഹുല്‍ നിര്‍ദേശിച്ചു.
ജില്ലാ, സംസ്ഥാന ഘടകങ്ങളുടെ അഭിപ്രായത്തിനു പുറമേ 3 സര്‍വേകളെയും ആശ്രയിച്ചാവും അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്കു ഹൈക്കമാന്‍ഡ് രൂപം നല്‍കുക. കേരളത്തില്‍ ഉള്‍പ്പെടെ അടുത്തിടെ പൂര്‍ത്തിയായ ആദ്യ സര്‍വേ സിറ്റിങ് എംപിമാരുടെ വിജയസാധ്യത പരിശോധിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. പുതുമുഖങ്ങളുടെയും വനിതകളുടെയും സാധ്യത പരിശോധിക്കുന്ന രണ്ടാം സര്‍വേ പുരോഗമിക്കുകയാണ്.
Discussion about this post