പാര്‍ട്ടി നേതൃത്വത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വീണ്ടും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ബിജെപിയില്‍ ഒരു കാലത്ത് ജനാധിപത്യം വാണിരുന്നു. ഇന്ന് പക്ഷേ ആ സ്ഥാനത്ത് ഏകാധിപത്യമാണുള്ളതെന്നും സിന്‍ഹ കുറ്റപ്പെടുത്തി. മോദി മന്ത്രിസഭയില്‍ സ്മൃതി ഇറാനിയെ മാനവശേഷി വകുപ്പ് ഏല്‍പ്പിച്ചതിനെയും സിന്‍ഹ ചോദ്യം ചെയ്യുന്നുണ്ട്.
”മന്ത്രിമാരെ തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ പ്രത്യേക അധികാരമാണ്. പക്ഷേ ഒരു ടെലിവിഷന്‍ നടിയുടെ കൈകളിലേക്ക് സുപ്രധാനമായ മാനവശേഷി വകുപ്പ് ഏല്‍പ്പിച്ചു കൊടുത്തത് ഉചിതമായ തീരുമാനമായിരുന്നോ ?” സിന്‍ഹ ചോദിക്കുന്നു.
ബി.ജെ.പി തന്റെ പാര്‍ട്ടിയാണെന്നും താന്‍ പാര്‍ട്ടിക്കെതിരെ വാളോങ്ങുകയല്ലെന്നും സിന്‍ഹ പറയുന്നു. പകരം ബി.ജെ.പി എന്ന പാര്‍ട്ടിക്ക് മുന്നില്‍ ഒരു കണ്ണാടി ഉയര്‍ത്തുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ എല്ലായിപ്പോഴും സത്യം മാത്രമേ പറഞ്ഞിട്ടുള്ളു. ഇത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സിന്‍ഹ പ്രശംസിക്കുകയും ചെയ്തു. പാര്‍ട്ടി അധ്യക്ഷന്റെ സ്ഥാനത്തെത്തിയ രാഹുല്‍ ഗാന്ധി വളരെ കുറഞ്ഞ കാലയളവ് കൊണ്ടാണ് പക്വത സ്വന്തമാക്കിയതെന്നും സിന്‍ഹ പറഞ്ഞു.
തുടക്കകാലം മുതല്‍ താന്‍ ഗാന്ധി കുടുംബത്തിന്റെയും നെഹ്‌റുവിന്റെയും ആരാധകനായിരുന്നുവെന്നും ഇന്ന് രാഹുലിന്റെ കൂടി ആരാധകനായെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന നേതാവായ എല്‍.കെ അദ്വാനിക്ക് അര്‍ഹിച്ച പ്രാധാന്യമോ സ്ഥാനമോ ബഹുമാനമോ ഇന്ന് പാര്‍ട്ടി നല്‍കുന്നില്ലെന്നും സിന്‍ഹ കുറ്റപ്പെടുത്തി.
Discussion about this post