കൊല്‍ക്കത്ത: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ജീവിത കഥ പറഞ്ഞ ‘ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍’ ചിത്രത്തിനെതിരെ ആരോപണവുമായി മുന്‍ സുരക്ഷ ഉപദേഷ്ടാവ് എംകെ നാരായണന്. ചിത്രത്തിന്റെ എണ്‍പത് ശതമാനവും നുണയാണെന്നും പുസ്തകം രചിച്ച സഞ്ജയ് ബാരു അവസരവാദിയാണെന്നും, കാശിന് വേണ്ടി എന്തും ചെയ്യുമെന്നും എംകെ നാരായണന് പറഞ്ഞു.
കൊല്‍ക്കത്തയില്‍ വെച്ച് നടന്ന ഭാരത് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. സഞ്ജയ് ബാരുവിനെ കുറിച്ച് സംസാരിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും തികഞ്ഞ അവസരവാദിയായ അയാള്‍ നുണകള്‍ വെച്ച് എഴുതിയ ഒരു തേര്‍ഡ് റേറ്റ് പുസ്തകമാണ് ‘ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍: ദി മേയ്ക്കിങ് ആന്‍ഡ് അണ്‍മേയ്ക്കിങ് ഓഫ് മന്മോഹന് സിങ്’ എന്നും അദ്ദേഹം പറഞ്ഞു.
2004 മുതല്‍ 2008 വരെയാണ് സഞ്ജയ് ബാരു പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായത്. രണ്ടാമതും യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലെന്ന് കരുതിയാണ് അയാള്‍ രാജി വച്ചതെന്നും പിന്നീട് കാശ് ഉണ്ടാക്കാനാണ് സഞ്ജയ് ബാരു ഇത്തരത്തിലൊരു പുസ്തകം എഴുതിയതെന്നും എംകെ നാരായണന് പറഞ്ഞു.
വിജയ് ഗുട്ടെയാണ് ‘ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍’ സംവിധാനം ചെയ്തത്. ചിത്രത്തില്‍ ബോളിവുഡ് താരം അനുപം ഖേര്‍ ആണ് മന്മോഹന് സിംഗായി എത്തിയത്.
Discussion about this post