ലക്നൗ: ചരിത്രത്തിലാദ്യമായി കുംഭമേളയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പുണ്യ സ്നാനത്തിന് അനുവാദം ലഭിച്ചു. ആറ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേളയില്‍ സ്ത്രീകളും പുരുഷന്മാരും മാത്രം മുങ്ങി നിവരുന്ന പ്രയാഗിലെ ത്രിവേണി സംഗമത്തിലെത്തിയാണ് ട്രാന്‍സ്ജെന്‍ഡറുകളും സ്നാനം ചെയ്തത്. കുംഭമേളയ്ക്ക് തുടക്കം കുറിച്ച ജനുവരി 15നാണ് ട്രാന്‍സ് സമൂഹത്തിലെ അംഗങ്ങള്‍ ത്രിവേണിയില്‍ സ്നാനം ചെയ്തത്.
ഇരുപത് ലക്ഷത്തോളം വരുന്ന ട്രാന്‍സ് സമൂഹത്തിലെ അംഗങ്ങള്‍ക്ക് സ്നാനത്തിന് അവസരം ലഭിക്കുന്നത് ഇതാദ്യമായിട്ടാണ്. വര്‍ഷങ്ങളായി ട്രാന്‍സ്ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ലക്ഷ്മി നാരായണ്‍ ത്രിപാഠി എന്ന ആക്ടിവസ്റ്റിന്റെ ജീവിതത്തിലെ നാഴികക്കല്ലാവുകയാണ് ഇത്.
കാവിയും ചുവപ്പും നിറത്തിലുളള വസ്ത്രങ്ങളണിഞ്ഞ് നദീതീരത്തെത്തിയ ഇവര്‍ ആയിരക്കണക്കിന് ഭക്തരെ സാക്ഷിയാക്കിയാണ് ഹൈന്ദവ ആചാര പ്രകാരം ആത്മീയ സ്നാനം നടത്തിയത്. മുഖ്യധാര സമൂഹത്തിന്റെ അംഗീകാരമായിട്ടാണ് തങ്ങളിതിനെ കാണുന്നതെന്ന് ത്രിപാഠി പറഞ്ഞു.
ജനുവരി 15 മുതല്‍ മാര്‍ച്ച് നാല് വരെയാണ് കുംഭമേള നടക്കുന്നത്. പുണ്യ നദീ സംഗമത്തില്‍ സ്നാനം ചെയ്യാന്‍ ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമുള്ള ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തിച്ചേരുന്നത്. താത്കാലിക ഇടത്താവളങ്ങളും പാലങ്ങളുമടക്കം വലിയ സൗകര്യങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുംഭമേളയ്ക്കായി ഒരുക്കിയിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകളും പ്രയാഗ്രാജിലേക്ക് ഒരുക്കിയിട്ടുണ്ട്.
Discussion about this post