ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിലുള്ള ലോക് ബന്ധു ആശുപത്രിയിൽ വൻ തീപിടുത്തം. ഇരുന്നൂറോളം രോഗികളെയും ജീവനക്കാരെയും ആശുപത്രിയിൽ നിന്ന് ഒഴിപ്പിച്ചു. അഗ്നിശമന സേനയും മറ്റ് അടിയന്തിര രക്ഷാപ്രവർത്തക വിഭാഗങ്ങളും സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
ആശുപത്രിയിലെ താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. പിന്നാലെ കെട്ടിടത്തിൽ പുക നിറഞ്ഞു. ആദ്യം തീപിടിച്ച നിലയിൽ 40ഓളം രോഗികളാണ് ഉണ്ടായിരുന്നത്. ശേഷം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ രോഗികൾ കൂടുതൽ പരിഭ്രാന്തരായി. പുക ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ജീവനക്കാർ രോഗികളെ മാറ്റാനുള്ള ശ്രമം തുടങ്ങിയിരുന്നു.
തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. ആർക്കും പരിക്കില്ലെന്ന് പ്രാഥമിക നിഗമനം. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സ്ഥലത്തെത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ വിലയിരുത്തുകയും ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു. ആശുപത്രിയിൽ നിന്ന് മാറ്റിയ രോഗികളെ മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ മൂന്ന് പേർ ഗുരുതരാവസ്ഥയിലുള്ളവരാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് തന്നെ മാറ്റിയതായും അധികൃതർ അറിയിച്ചു.
Discussion about this post