ഹൈദരാബാദ്: വ്യവസായിയും ഹൈദരാബാദ് ആസ്ഥാനമായ വെല്‍ജാന്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടറുമായ വി.സി ജനാര്‍ദന്‍ റാവു കുത്തേറ്റ് മരിച്ചു. സ്വന്തം വീടിനുള്ളില്‍ വെച്ച് മകളുടെ മകനാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്.
സ്വത്ത് വീതിക്കുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജനാര്‍ദന്‍ റാവുവിന്റെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
സംഭവത്തില്‍ പ്രതിയായ ആര്‍ കീര്‍ത്തി തേജയെ (28) പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി അടുത്തിടെയാണ് കീര്‍ത്തി തേജ മടങ്ങിയിയെത്തിയത്. ഹൈദരാബാദ് നഗരത്തില്‍ അമ്മയോടൊപ്പം താമസിക്കുന്ന ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി സോമാജിഗുഡയിലുള്ള റാവുവിന്റെ വീട്ടിലെത്തി.
അമ്മ ചായ എടുക്കാന്‍ പോയ സമയത്ത് റാവുവും പേരക്കുട്ടിയും തമ്മില്‍ സ്വത്തിനെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും കത്തിയെടുത്ത് റാവുവിനെ കുത്തുകയുമായിരുന്നു. കുട്ടിക്കാലം മുതല്‍ മുത്തച്ഛന്‍ തനിക്ക് എതിരായിരുന്നുവെന്നും തനിക്ക് സ്വത്ത് തരാന്‍ വിസമ്മതിച്ചിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു.
കുത്തുന്നതിനിടെ തടയാന്‍ ശ്രമിച്ച തേജയുടെ അമ്മയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post