ചെന്നൈ: പ്രശസ്ത സ്റ്റൈലിസ്റ്റ് പല്ലവി സിങ് സഞ്ചരിച്ചിരുന്ന ഊബര്‍ കാറിന് തീപിടിച്ചു. വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. നടന് വിജയിയുടെ ഉള്‍പ്പടെയുള്ള ഒട്ടനേകം സെലിബ്രിറ്റികളുടെ സ്റ്റെലിസ്റ്റാണ് പല്ലവി. അപകട ദൃശ്യങ്ങള്‍ ഉള്‍പ്പടെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചാണ് തനിയ്ക്ക് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.
എന്തോ കത്തുന്ന മണം അനുഭവപ്പെട്ടപ്പോള്‍ ആദ്യം പുറത്തു നിന്നാവുമെന്ന് കരുതി കാര്യമാക്കിയില്ലെന്നും ശേഷം സീറ്റിനടിയില്‍ നിന്നും കടുത്ത പുക വരുന്നതിനെ പറ്റി ഡ്രൈവറോട് പറഞ്ഞപ്പോള്‍ അതൊന്നും കാര്യമാക്കാതെ ഡ്രൈവര്‍ യാത്ര തുടരുകയായിരുന്നു. പിന്നീട് മറ്റു വാഹനങ്ങളിലെ ആളുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വണ്ടി നിര്‍ത്തി ഇരുവരും പുറത്തിറങ്ങിയതെന്നും, ഇറങ്ങിയ ഉടന്‍ തന്നെ വാഹനം മുഴുവനായി അഗ്നിക്കിരയായെന്നും തന്റെ ഐഡി കാര്‍ഡടക്കം എല്ലാം തന്നെ കാറില്‍ എരിഞ്ഞു തീര്‍ന്നെന്നും പല്ലവി പറഞ്ഞു.
ഊബര്‍ കാര്‍ ഉപയോഗിക്കുന്നവരോട് ജാഗ്രത പുലര്‍ത്താനും പല്ലവി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ആവശ്യപ്പെടുന്നു. സംഭവം നടന്ന് 12 മണിക്കൂറിന് ശേഷവും അപകടത്തെക്കുറിച്ച് യാതൊരു അന്വേഷണവും നടത്താത്ത യൂബറിന്റെ അനാസ്ഥയെ പല്ലവി വിമര്‍ശിക്കുന്നുമുണ്ട്. കഴിഞ്ഞ രാത്രി നിങ്ങളുടെ ഡ്രൈവറുടെ ജീവന് രക്ഷിച്ചത് താനാണെന്നും പല്ലവി പരിഹാസ രൂപേണ കുറിച്ചു.
Discussion about this post