ന്യൂഡല്‍ഹി: ഷോപ്പിംഗ് മാളിലെ എസ്കലേറ്ററിന്റെ കൈവരിയില്‍ നിന്ന് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പടിഞ്ഞാറന്‍ ദില്ലിയിലെ തിലക് നഗറിലെ പസഫിക് മാളില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. എസ്കലേറ്ററിന്റെ കൈവരിയില്‍ നിന്ന് കുട്ടി താഴേക്ക് വീഴുകയായിരുന്നു.
ഉത്തം നഗറില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ഷോപ്പിംഗ് മാളിലെത്തിയിരുന്നു. ഈ സംഘത്തിലെ കുട്ടിയാണ് മാളില്‍ സിനിമ കാണാന്‍ പോകുന്നതിനിടെ അപകടത്തില്‍പ്പട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുട്ടിയുടെ കൂടെയുണ്ടായിരുന്ന മുതിര്‍ന്നവര്‍ സിനിമ ടിക്കറ്റ് വാങ്ങുന്ന തിരക്കിലായിരുന്നു. ഇതിനിടെ കുട്ടി എസ്കലേറ്ററിന് സമീപത്തെത്തി. എസ്കലേറ്ററിന്റെ കൈവരിയില്‍ ഇരുന്ന് താഴേക്ക് വരാന്‍ ശ്രമിച്ച കുട്ടി ബാലന്‍സ് നഷ്ടപ്പെട്ട് തറയിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ഡിഡിയു ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Discussion about this post