ഓപ്പറേഷന്‍ കമല 2.0; കര്‍ണാടകയില്‍ ബിജെപി ഉടന്‍ അധികാരത്തിലേക്കെന്ന് നേതാക്കള്‍; കോടികള്‍ എറിഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിലാക്കിയെന്ന് സൂചന

കര്‍ണാടകയില്‍ 3 കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി ചാക്കിലാക്കിയെന്ന് സൂചന.

ബെംഗളൂരു: 30 കോടിയോളം രൂപ വീതം ഓരോരുത്തര്‍ക്കുമായി വാരി എറിഞ്ഞ് കര്‍ണാടകയില്‍ 3 കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി ചാക്കിലാക്കിയെന്ന് സൂചന. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കി ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന സൂചനകള്‍ നല്‍കി ബിജെപി നേതാക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

കോടികളിറക്കി ബിജെപി ഓപ്പറേഷന്‍ കമല വീണ്ടും നടപ്പിലാക്കുന്നെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ വ്യക്തമായ സൂചനകള്‍ നല്‍കി ബിജെപി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഭരണം പിടിക്കല്‍ മാത്രമല്ല, സംസ്ഥാനത്തെ മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തങ്ങള്‍ വിചാരിച്ച പ്രകാരം കാര്യങ്ങള്‍ നടന്നാല്‍ മകരസംക്രാന്തിക്ക് ശേഷം കര്‍ണാടകയില്‍ പുതിയ സര്‍ക്കാരായിരിക്കും അധികാരത്തിലിരിക്കുകയെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത മുതിര്‍ന്ന ബിജെപി നേതാവ് അറിയിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ എംഎല്‍എ രമേശ് ജര്‍ഗിഹോലിയുടെ പിന്തുണയോടെ കോണ്‍ഗ്രസിലെ തന്നെ മറ്റ് എംഎല്‍എമാരുടെ പിന്തുണ തേടാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

30 കോടി രൂപയാണ് ബിജെപി ഓരോ എംഎല്‍മാര്‍ക്കും ഓഫര്‍ ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ പറഞ്ഞിരുന്നു. കോണ്‍ഗ്രസിലെ 10 എംഎല്‍എമാരെ സ്വന്തം പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് ബിജെപിയുടെത്. എന്നാല്‍ അതൊന്നും നടക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു.

അതേസമയം, കര്‍ണ്ണാടകയിലെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുമായി ചേര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന വാര്‍ത്ത തള്ളി കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും രംഗത്തെത്തിയിരുന്നു.

നേരത്തെ സര്‍ക്കാരിനെ അട്ടിമറിക്കാനായി ബിജെപി ”ഓപ്പറേഷന്‍ ലോട്ടസ്” ആരംഭിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസിലെ മൂന്ന് എംഎല്‍എമാര്‍ ബിജെപി നേതാക്കള്‍ക്കൊപ്പം മുംബൈയിലെ ഹോട്ടലില്‍ ഉണ്ടെന്നും കര്‍ണാടക മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു.

Exit mobile version