ന്യൂഡല്‍ഹി: ഡോ. വി നാരായണന് ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്മാന്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. നിലവില്‍ എല്പിഎസ്സി മേധാവിയായ വി നാരായണന് കന്യാകുമാരി സ്വദേശിയാണ്. ഇത് ഏറെ നിര്‍ണായകമായ ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും നന്ദി പറയുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരത്ത് വലിയമല ആസ്ഥാനവും ബെംഗളൂരുവില്‍ ഒരു യൂണിറ്റും ഉള്ള ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറാണ് ഡോ. വി നാരായണന്.
റോക്കറ്റ് & സ്പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷന്‍ വിദഗ്ധനായ ഡോ. വി നാരായണന് 1984-ല്‍ ഐഎസ്ആര്‍ഒയില്‍ ചേരുകയും എല്‍പിഎസ് സിയുടെ ഡയറക്ടറാകുന്നതിന് മുമ്പ് വിവിധ പദവികളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.
പ്രാരംഭ ഘട്ടത്തില്‍, നാലര വര്‍ഷക്കാലം, വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ സൗണ്ടിംഗ് റോക്കറ്റുകളുടെയും ഓഗ്മെന്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എഎസ്എല്‍വി), പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) എന്നിവയുടെ സോളിഡ് പ്രൊപ്പല്‍ഷന്‍ ഏരിയയിലും പ്രവര്‍ത്തിച്ചു. അബ്ലേറ്റീവ് നോസല്‍ സിസ്റ്റങ്ങള്‍, കോമ്പോസിറ്റ് മോട്ടോര്‍ കേസുകള്‍, കോമ്പോസിറ്റ് ഇഗ്നൈറ്റര്‍ കേസുകള്‍ എന്നിവയുടെ പ്രോസസ് പ്ലാനിംഗ്, പ്രോസസ് കണ്ട്രോള്, റിയലൈസേഷന് എന്നിവയില്‍ സംഭാവന നല്കി.
Discussion about this post