ന്യൂഡല്‍ഹി: ബിജെപി ഭരണത്തിലേറിയ ശേഷം രാജ്യത്ത് വലിയ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്റെ അവകാശവാദത്തെ പൊളിച്ചടുക്കി മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം. പഠാന്‍കോട്ടും ഉറിയും ഓര്‍മ്മയുണ്ടോ എന്നാണ് ചിദംബരം ചോദിക്കുന്നത്.
ഡല്‍ഹിയില്‍ നടന്ന ബിജെപി ദേശീയ കണ്‍വെന്‍ഷനിടെയായിരുന്നു നേരത്തെ, പ്രതിരോധമന്ത്രി നിര്‍മലാസീതാരാമന്റെ അവകാശവാദം. പ്രതിരോധമന്ത്രിക്ക് ഇന്ത്യയുടെ ഭൂപടമെടുത്ത് പഠാന്‍കോട്ടും ഉറിയും അടയാളപ്പെടുത്താന്‍ സാധിക്കുമോയെന്ന് പി ചിദംബരം ചോദിക്കുകയായിരുന്നു.
പഠാന്‍കോട്ട് ഉറി അക്രമണ ചരിത്രം നിലനില്‍ക്കെ പ്രതിരോധമന്ത്രിയുടെ ഈ പ്രസ്താവനയിലൂടെ പാകിസ്താന് ക്ലീന്‍ ചിറ്റ് നല്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു. അവിശ്വസനീയവും സത്യവിരുദ്ധവുമായ മന്ത്രിയുടെ പ്രസ്താവന ജനങ്ങള്‍ 2019 മെയ് മാസത്തിന് ശേഷവും ഓര്‍ത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post