ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവില്‍ (ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്) സ്ഥിരീകരിച്ചതിന് പിന്നാലെ തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കി ഡല്‍ഹി. എച്ച്എപിവി, മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളെ നേരിടാന്‍ തയ്യാറാകണമെന്ന് ഡല്‍ഹിയിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്കി.
സീരിയസ് അക്യൂട്ട് റെസ്പിറേറ്ററി ഇന്ഫെക്ഷന്, ലാബ് സ്ഥിരീകരിച്ച ഇന്‍ഫ്ലുവന്‍സ കേസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആരെങ്കിലും ചികിത്സ തേടിയാല്‍ ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ പ്ലാറ്റ്ഫോം (ഐഎച്ച്ഐപി) പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതിന് പുറമെ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.
പാരസെറ്റമോള്‍, ആന്റി ഹിസ്റ്റാമൈന്‍സ്, ബ്രോങ്കോഡിലേറ്ററുകള്‍, കഫ് സിറപ്പുകള്‍ തുടങ്ങിയ മരുന്നുകളും ഓക്സിജനും നേരിയ തോതിലുള്ള രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള മരുന്നുകളും കരുതിവെക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. സംശയാസ്പദമായ കേസുകളില്‍ മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് ഐസൊലേഷന്‍ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണം.
Discussion about this post