ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരതൊട്ടു. ഇതേതുടര്‍ന്ന് ചെന്നൈയില്‍ നൂറിലേറെ വിമാനങ്ങള്‍ റദ്ദാക്കി. 19 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല. നാളെ പുലര്‍ച്ചെ 4 വരെ അടച്ചിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മണിക്കൂറില്‍ 7 കിലോമീറ്റര്‍ വേഗതയിലാണ് ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുന്നത്. തമിഴ്നാട് തീരത്തിന് സമീപത്തായി ചുഴലിക്കാറ്റ് കര തൊടുന്നതായുള്ള ലക്ഷണങ്ങളാണ് നിലവിലുള്ളത്.
കാരയ്ക്കല്‍ മുതല്‍ മഹാബലിപുരം വരെയുള്ള തീരമേഖലയെ ചുഴലിക്കാറ്റ് സാരമായി ബാധിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വിശദമാക്കുന്നത്. നവംബര്‍ 30ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് കര തൊടുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിശദമാക്കിയത്.
തമിഴ്നാട്ടിലെ ഏഴ് തീരദേശ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ടാണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂര്‍, പുതുച്ചേരി ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍, തെക്കന്‍ ആന്ധ്രാപ്രദേശിലും വടക്കന്‍ തീരത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മയിലാടുംതുറൈ, നാഗപ്പട്ടണം, തിരുവാരൂര്‍ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളിലെ എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ഐടി കമ്പനികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തമിഴ്നാട്ടിലുടനീളം 2220 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. തിരുവാരൂര്‍, നാഗപട്ടണം ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഇതിനകം തന്നെ 500 ഓളം പേരെ പാര്‍പ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ചുഴലിക്കാറ്റിന് പിന്നാലെ കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥ വകുപ്പ് വിശദമാക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഡിസംബര്‍ 2, 3 തീയതികളില്‍ അതിശക്തമായ മഴയ്ക്കും ഡിസംബര്‍ 1 മുതല്‍ 4 തീയതികളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
Discussion about this post