ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും തീവ്രമഴയും ശക്തമായ കാറ്റും. കനത്ത മഴയിൽ ജനജീവിതം തടസ്സപ്പെട്ടു. വിമാന സര്‍വീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചു.
ചെന്നൈ, ചെങ്കല്‍പ്പട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, ഡെല്‍റ്റാ പ്രദേശങ്ങളായ തിരുവാരൂര്‍, മയിലാടുതുറൈ, നാഗപട്ടണം എന്നിവിടങ്ങളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
ചെന്നൈയില്‍ നിന്ന് പുറപ്പെടുന്നതും തിരിച്ചുവരുന്നതുമായ ഇന്‍ഡിഗോയുടേത് അടക്കം 16 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് തീരത്ത് അതീവ ജാഗ്രതാനിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യൂനമര്‍ദ്ദമാണ് ഫിന്‍ജാല്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
Discussion about this post