കാകിനട: ദസറ ആഘോഷത്തില്‍ ദൈവ പ്രീതിക്കായി ബലി കൊടുത്തത് ആയിരക്കണക്കിന് മൃഗങ്ങളെ. ആന്ധ്രാ പ്രദേശിലെ ഗോദാവരി ജില്ലയില്‍ മാത്രം വ്യാഴം, വെള്ളി ദിവസങ്ങളിലായി ആയിരക്കണക്കിന് ആടുകളേയും ചെമ്മരിയാടുകളേയുമാണ് ദൈവപ്രീതിക്കായി ബലി കൊടുത്തത്.
കാകിനടയിലെ ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനമായ ജവഹര്‍ലാല്‍ നെഹ്‌റു ടെക്‌നോളജിക്കല്‍ സര്‍വകലാശാലയും മൃഗബലി നടത്തിയിട്ടുണ്ട്. ബലി കൊടുക്കേണ്ട മൃഗങ്ങളെ നിര്‍ത്തിയിട്ട കോളേജ് വാഹനത്തിന് ചുറ്റും പ്രദക്ഷിണം വെയ്പ്പിക്കുകയും ശേഷം അറക്കുന്നതിനായി കൊണ്ടുപോകുകയും ചെയ്തു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇന്‍-ചാര്‍ജര്‍ എസ് രാമകൃഷ്ണ റാവുവിന്റെ സാന്നിധ്യത്തില്‍ സര്‍വകലാശാല ജീവനക്കാരനാണ് മൃഗബലി നടത്തിയത്.
സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനം ഇത്തരത്തില്‍ മൃഗബലി നടത്തിയതില്‍ പ്രതിഷേധിച്ച് മൃഗബലി നടത്തുന്നതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ രംഗത്തെത്തി. എന്നാല്‍ കോളേജില്‍ ഇത് ആദ്യത്തെ സംഭവമല്ലെന്നും കോളേജ് ആരംഭിച്ചത് മുതല്‍ ദസറ ഉത്സവത്തോട് അനുബന്ധിച്ച് മൃഗബലി നടത്താറുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
അതേസമയം ജില്ലയിലെ വിവിധയിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും മൃഗബലി നടത്തിയിട്ടുണ്ട്. റോഡിന് ഇരുവശത്തുമായി ആരാധനമൂര്‍ത്തിയെ പ്രതിഷ്ഠിക്കുകയും അതിന് മുന്നില്‍വച്ച് ബലി നടത്തുകയും ചെയ്യും. ആഘോഷങ്ങള്‍ കഴിഞ്ഞാല്‍ റോഡ് മുഴുവനും രക്തകളമായി മാറിയിട്ടുണ്ടാകും.
ദസറ ദിവസം ദുര്‍ഗാദേവിയെ പ്രീതിപ്പെടുത്തുന്നതിനായാണ് മൃഗബലി നടത്തുന്നത്. വ്യാപാര-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരാണ് ദസറ ഉത്സവകാലത്ത് ദേവ പ്രീതിക്കായി മൃഗബലി നടത്തുക. ഐശ്വര്യം, ധനം, സമാധനം, ഉയര്‍ന്ന ജോലി, അഭിവൃദ്ധി എന്നിവ ലഭിക്കുന്നതിനുവേണ്ടിയാണ് മൃഗബലി നടത്തുന്നതെന്നാണ് വിശാസം.