ഝാന്‍സി: തീപിടിത്തത്തെ തുടര്‍ന്ന് ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് നവജാതശിശുക്കള്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മരിച്ചു.
ഇവരുടെ മരണത്തിന് തീപിടിത്തവുമായി ബന്ധമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. നരേന്ദ്ര സെന്‍ഗാര്‍ ആണ് മരണവിവരം സ്ഥിരീകരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ തീപിടിത്തമുണ്ടായത്. 10 കുഞ്ഞുങ്ങളാണ് തീപിടിത്തത്തില്‍ മരിച്ചത്. പിന്നീട് രണ്ട് കുഞ്ഞുങ്ങള്‍ കൂടി മരിച്ചു. 42 കുഞ്ഞുങ്ങളെ രക്ഷിക്കാനായിരുന്നു.
ഇവരില്‍ മൂന്ന് പേരാണ് ചൊവ്വാഴ്ച രാത്രിക്കും ബുധനാഴ്ച വൈകുന്നേരത്തിനും ഇടയില്‍ മരിച്ചത്. 54 കുഞ്ഞുങ്ങളാണ് അപകട സമയത്ത് ഐസിയുവില്‍ ഉണ്ടായിരുന്നത്. 10 കുട്ടികളെ മാത്രം കിടത്താന്‍ സൗകര്യമുള്ള ഐസിയുവിലാണ് അമ്പതിലധികം കുട്ടികളെ കിടത്തിയതെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന് കണ്ടെത്തിയത്.
Discussion about this post