ഇലോണ്‍ മസ്‌കിന്റെ ഫാല്‍ക്കണില്‍ ജിസാറ്റ് 20 വിജയകരമായ വിക്ഷേപണം, വീണ്ടും ചരിത്രം കുറിച്ച് ഐസ്ആര്‍ഒ

isro| bignewslive

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ ജിസാറ്റ് 20 വിജയകരമായി വിക്ഷേപിച്ചു. അത്യാധനിക വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ 12.01 ഓടെ ഫ്‌ലോറിഡയിലെ കേപ് കനാവറലിലുള്ള സ്പേസ് കോംപ്ലക്സ് 40 ലായിരുന്നു വിക്ഷേപണം. 34 മിനിറ്റുകള്‍ നീണ്ട യാത്രയ്ക്ക് ശേഷം ഉപഗ്രഹം വേര്‍പെട്ട് ഭ്രമണപഥത്തില്‍ എത്തിച്ചേര്‍ന്നു. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ജിസാറ്റ്-20 സഹായിക്കും.

ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഉള്‍നാടുകളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം സഹായിക്കും. ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും. വിമാനങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായിക്കും.

ഇതാദ്യമായാണ് ഐഎസ്ആര്‍ഒ അതിന്റെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്‌ഐഎല്‍) വഴി സ്‌പേസ് എക്‌സ് റോക്കറ്റില്‍ ഉപഗ്രഹം വിക്ഷേപിക്കുന്നത്.

ഉപഗ്രഹത്തിന്റെ ഭാരം 4,700 കിലോഗ്രാമാണ്. ഐഎസ്ആര്‍ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എല്‍വിഎം – 3യുടെ പരമാവധി വാഹകശേഷിയേക്കാള്‍ കൂടുതലാണ് ഈ ഭാരം. അതിനാലാണ് വിക്ഷേപണത്തിന് സ്‌പേസ് എക്സിന്റെ സഹായം തേടിയത്.

Exit mobile version