ഡെറാഡൂണ്‍: ഡെറാഡൂണില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഇന്നോവയില്‍ ട്രക്കിടിച്ച് ആറ് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരെല്ലാം വിദ്യാര്‍ഥികളാണെന്നാണ് വിവരം. ദില്ലി, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഗുനീത് (19), കാമാക്ഷി (20), നവ്യ ഗോയല്‍ (23), റിഷഭ് ജെയിന്‍ (24), കുനാല്‍ കുക്രേജ (23), അതുല്‍ അഗര്‍വാള്‍ (24) എന്നിവരാണ് മരിച്ചത്. ഡെറാഡൂണ്‍ സ്വദേശിയായ സിദ്ധേഷ് അഗര്‍വാളിനാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഒഎന്‍ജിസി ജങ്ഷന് സമീപമായിരുന്നു അപകടം. മൂന്ന് വിദ്യാര്‍ഥിനികളടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.
നഗരത്തിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ട്രക്ക് ഇന്നോവയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ഛിന്നഭിന്നമായിരുന്നു. ട്രക്ക് ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. അഞ്ച് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ ഡൂണ്‍ ആശുപത്രിയിലേക്കും ഒരാളെ മഹന്ത് ഇന്ദ്രേഷ് ആശുപത്രിയിലേക്കും കൊണ്ടുപോയി.