യുപിയില്‍ അമ്മയെയും മൂന്ന് മക്കളെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി, ഭര്‍ത്താവിന്റേത് കുറച്ചകലെ

ഉത്തര്‍പ്രദേശ്: വാരാണസിയില്‍ വീട്ടില്‍ അമ്മയെയും മൂന്ന് മക്കളെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 45 കാരിയായ സ്ത്രീയും മൂന്ന് മക്കളുമാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ മൃതദേഹം പിന്നീട് വീട്ടില്‍ നിന്നും കുറച്ചകലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കണ്ടെത്തി.

ഇയാള്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാജേന്ദ്ര ഗുപ്തയുടെ വീട് ഇന്നലെ രാവിലെ ഏറെ വൈകിയിട്ടും തുറക്കാതിരുന്നതോടെ വീട്ടുജോലിക്കാരി വീടിനുള്ളില്‍ കയറി നോക്കി. നീതു (45), മക്കളായ നവേന്ദ്ര (25), ഗൗരംഗി (16), ശുഭേന്ദ്ര ഗുപ്ത (15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടത്. രാജേന്ദ്ര ഗുപ്ത വീട്ടില്‍ ഉണ്ടായിരുന്നില്ല. മണിക്കൂറുകള്‍ക്ക് ശേഷം ഇയാളെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുടുംബ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അയല്‍വാസികള്‍ പറഞ്ഞതായി മുതിര്‍ന്ന പോലീസ് ഓഫീസര്‍ ഗൗരവ് ബന്‍സ്വാള്‍ അറിയിച്ചു. നേരത്തെ ചില കേസുകളില്‍ പ്രതിയായിരുന്ന രാജേന്ദ്ര ഗുപ്ത ജാമ്യത്തിലിറങ്ങിയാണ് കുടുംബത്തെ കൊലപ്പെടുത്തിയത്. പത്തോളം വീടുകള്‍ രാജേന്ദ്ര ഗുപ്തയ്ക്ക് സ്വന്തമായുണ്ട്. സ്വത്ത് തര്‍ക്കമാണോ കൊലപാതകത്തിന് കാരണമെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഉറങ്ങിക്കിടക്കുമ്പോഴാണ് അമ്മയ്ക്കും മക്കള്‍ക്കും വെടിയേറ്റതെന്നാണ് സൂചന. പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു.

Exit mobile version